പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിഷയത്തിൽ ഷാഫി പറമ്പിൽ എംപിയുടെ ഫോൺ പരിശോധിക്കണമെന്ന് ബിജെപി പാലക്കാട് ജില്ലാ അദ്ധ്യക്ഷൻ പ്രശാന്ത് ശിവൻ. എസ്‌ഐടിയിൽ നിന്ന് കോൺഗ്രസിലേക്ക് വിവരങ്ങൾ ചോരുന്നുണ്ടെന്നും പ്രശാന്ത് ശിവൻ ആരോപിച്ചു.
രാഹുൽ മാങ്കൂട്ടത്തിൽ ലൈംഗിക ദാരിദ്ര്യം ബാധിച്ചവനാണ്. അയാളെ സംരക്ഷിക്കേണ്ട കാര്യം ഷാഫിക്കുണ്ട്. കൂടുതൽ കഥകൾ ഉടൻ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം രാഹുലിനായുള്ള തിരച്ചിൽ ഊർജിതമാക്കിയിരിക്കയാണ് പൊലീസ്. വയനാട്- കർണാടക അതിർത്തിയിൽ തിരച്ചിൽ ശക്തമാണ്. ഇതിനിടെ രാഹുൽ മാങ്കൂട്ടത്തിലിനെ ബെംഗളൂരുവിലെത്തിച്ച ഡ്രൈവര്‍ കസ്റ്റഡിയിലായി. മലയാളിയായ ഡ്രൈവറാണ് കസ്റ്റഡിയിലായത്.
കോൺഗ്രസിലെ വനിതാപ്രവർത്തകരിൽ പലർക്കും രാഹുലിൽ നിന്ന് ഇത്തരം അനുഭവമുണ്ടായിട്ടുണ്ടെന്ന് കെപിസിസി സംസ്കാര സാഹിതി ജനറൽ സെക്രട്ടറി എംഎ ഷഹനാസ് പറഞ്ഞിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ തന്നോടും മോശമായി പെരുമാറിയെന്നും ഇക്കാര്യം ഷാഫി പറമ്പിൽ എം.പിയെ അറിയിച്ചിരുന്നുവെന്നും ഷഹനാസ് പറഞ്ഞു.
രാഹുലിനെ യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷനാക്കരുതെന്ന് താൻ ഷാഫിയോട് പറഞ്ഞിരുന്നുവെന്ന് ഷഹനാസ് ഇന്നലെ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.
















