കൊച്ചി: സംസ്ഥാനത്ത് നെടുമ്പാശേരി വിമാനത്താവളം വഴി പക്ഷിക്കടത്ത്. ഇന്ന് പുലര്‍ച്ചെയാണ് വംശനാശഭീഷണി നേരിടുന്ന 11 അപൂര്‍വയിനം പക്ഷികളെ കസ്റ്റംസ് പിടികൂടിയത്. തായ്‌ലന്‍ഡില്‍ നിന്നാണ് ഇവയെ കൊച്ചിയിലേക്ക് കടത്തിയത്.
ക്വലാലംപുരില്‍ നിന്ന് എത്തിയ മലപ്പുറം സ്വദേശികളായ കുടുംബത്തെ എക്‌സിറ്റ് പോയിന്‍റില്‍ വച്ചു പിടികൂടുകയായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ചെക്കിന്‍ ബാഗേജില്‍ ഒളിപ്പിച്ചിരുന്ന പക്ഷികളെ കണ്ടെത്തുകയായിരുന്നു. മലപ്പുറം സ്വദേശിയായ മർവാനും ഭാര്യയും 14 വയസ്സുള്ള മകനുമാണ് പിടിയിലായത്.
കസ്റ്റംസ് കസ്റ്റഡിയിലെടുത്ത കുടുംബത്തെയും പക്ഷികളെയും പിന്നീട് വനം വകുപ്പിന് കൈമാറി. വനം വകുപ്പ് ഇവരെ വിശദമായി ചോദ്യം ചെയ്തു വരുന്നു. ഇത്തരം പക്ഷികളെ മൃഗശാലകൾ വഴിയുള്ള കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചു മാത്രമേ രാജ്യത്തേക്ക് കൊണ്ടുവരാൻ സാധിക്കുകയുള്ളൂ. ഈ നിയമങ്ങൾ ലംഘിച്ചാണ് പക്ഷികളെ കടത്താൻ ശ്രമിച്ചത്.
കച്ചവട ലക്ഷ്യത്തോടെയാണോ പക്ഷികളെ കൊണ്ടുവന്നതെന്ന് അധികൃതർ ചോദ്യം ചെയ്തുവരികയാണ്. പിടിച്ചെടുത്ത പക്ഷികളെ തിരികെ തായ്‌ലൻഡിലേക്ക് അയക്കും.
















