കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ശ്രീകുമാർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. കേസിലെ ആറാം പ്രതിയാണ് എസ്. ശ്രീകുമാർ. ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്.
ശ്രീകുമാറിന്റെ ചോദ്യം ചെയ്യൽ കേസന്വേഷണത്തിൽ നിർണായകമാണെന്നും ജാമ്യം നൽകുന്നത് കേസന്വേഷണത്തെ ബാധിക്കുമെന്നുമുള്ള അന്വേഷണ സംഘത്തിന്റെ വാദം ശരിവച്ചുകൊണ്ടാണ് ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. സ്വർണപ്പാളികൾ അറ്റകുറ്റപ്പണികൾക്കായി ഉണ്ണികൃഷ്ണൻ പോറ്റിയ്‌ക്ക് കൈമാറാൻ 2019ൽ ഉത്തരവിറക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട മഹസറിൽ ഒപ്പ് വെച്ചയാളാണ് ശ്രീകുമാർ. എന്നാൽ, ദേവസ്വം ബോർഡിന്റെ നിർദേശ പ്രകാരമാണ് പ്രവർത്തിച്ചത് എന്നായിരുന്നു ശ്രീകുമാറിന്റെ വാദം.
അതേസമയം, കേസില്‍ പ്രതിയായ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാറിന്റെ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കും. റിമാൻഡ് നീട്ടുന്നതിനായി പ്രതിയെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കും. ഈ മാസം 8 നാണ് പത്മകുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
















