ന്യൂദല്‍ഹി: ദിവ്യാംഗരുടെ ശാക്തീകരണത്തിനുള്ള 2025ലെ ദേശീയ പുരസ്‌കാരങ്ങള്‍ രാഷ്‌ട്രപതി ദ്രൗപദി മുര്‍മു സമ്മാനിച്ചു. അന്താരാഷ്‌ട്ര ദിവ്യാംഗ ദിനത്തോടനുബന്ധിച്ച് വിജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങിലാണ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്. ശ്രേഷ്ഠ ദിവ്യാംഗ് പുരസ്‌കാരം തൃശൂര്‍ സ്വദേശി എന്‍.എസ്. ശ്രേയസും ശ്രേഷ്ഠ ദിവ്യാംഗ് ബാലന്‍ പുരസ്‌കാരം ആലപ്പുഴ സ്വദേശി മുഹമ്മദ് യാസീനും ഏറ്റുവാങ്ങി.
രാജ്യത്തിന്റെ വികസനയാത്രയില്‍ ദിവ്യാംഗരുടെ തുല്യപങ്കാളിത്തം ഉറപ്പാക്കുക എന്നത് എല്ലാവരുടേയും കടമയാണെന്ന് രാഷ്‌ട്രപതി പറഞ്ഞു. ദിവ്യാംഗരുടെ തുല്യ പങ്കാളിത്തത്തോടെ മാത്രമേ ഒരു സമൂഹത്തെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ വികസിതമായി കണക്കാക്കാന്‍ സാധിക്കൂ. ദിവ്യാംഗരെ ദേശീയ വികസനയാത്രയില്‍ ഉള്‍പ്പെടുത്തുന്നതിനും ശാക്തീകരിക്കുന്നതിനുമുള്ള സംവിധാനം കേന്ദ്രസര്‍ക്കാര്‍ ശക്തിപ്പെടുത്തുകയാണ്. ദിവ്യാംഗരുടെ താല്‍പ്പര്യങ്ങള്‍ക്കായി സര്‍ക്കാരിനോടൊപ്പം സമൂഹവും ജാഗ്രതയോടെയും സജീവമായും നിലകൊള്ളണം. ദിവ്യാംഗരുടെ അന്തസ്സും സ്വയംപര്യാപ്തതയും ആത്മാഭിമാനവും ഉറപ്പാക്കേണ്ടത് എല്ലാ പൗരന്മാരുടെയും ഉത്തരവാദിത്തമാണ്. രാഷ്‌ട്രപതി പറഞ്ഞു. വ്യത്യസ്ത വിഭാഗങ്ങളിലായി 22 പേരും പത്ത് സ്ഥാപനങ്ങളും പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. കേന്ദ്രമന്ത്രി ഡോ. വീരേന്ദ്രകുമാര്‍ ഉള്‍പ്പെടെയുള്ളവരും പങ്കെടുത്തു.
തൃശൂര്‍ പൂങ്കുന്നം ശ്രീമൂകാംബിക അപ്പാര്‍ട്മെന്റ്സില്‍ സുധീര്‍ കുമാറിന്റെയും ശ്രീജയുടെയും മകനാണ് ശ്രേയസ്. സഹോദരന്‍ ശശാങ്ക് ശരണ്‍. ആലപ്പുഴ പ്രയാര്‍ വടക്കില്‍ എസ്.എസ്. മന്‍സിലില്‍ എസ്. ഷാനവാസിന്റെയും ഷൈലയുടെയും മകനാണ് യാസീന്‍. സഹോദരന്‍ അല്‍ അമീന്‍.















