തിരുവനന്തപുരം: രാജ്യത്തിന്റെ സമുദ്രശക്തി വിളിച്ചോതി ഭാരത നാവികസേനയുടെ ‘ഓപ്പറേഷണല്‍ ഡെമോണ്‍സ്‌ട്രേഷന്‍’ തലസ്ഥാനത്ത് വിസ്മയം തീര്‍ത്തു. നാവികസേനാ ദിനത്തോടനുബന്ധിച്ച് ശംഖുംമുഖം കടല്‍ത്തീരത്ത് അരങ്ങേറിയ അഭ്യാസപ്രകടനം ആകാംക്ഷാഭരിതമായിരുന്നു. നാവികസേനയുടെ യുദ്ധസജ്ജീകരണങ്ങളും സാങ്കേതിക മികവും പ്രവര്‍ത്തന ശേഷിയും പ്രദര്‍ശിപ്പിച്ചു.
രാഷ്‌ട്രപതി ദ്രൗപദി മുര്‍മു ആയിരുന്നു ചടങ്ങിലെ മുഖ്യാതിഥി. നേവല്‍ സ്റ്റാഫ് മേധാവി അഡ്മിറല്‍ ദിനേശ് കെ. ത്രിപാഠി, കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി സുരേഷ് ഗോപി, കേന്ദ്രസംസ്ഥാന സര്‍ക്കാരുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, സൈനിക പ്രമുഖര്‍ എന്നിവര്‍ ചടങ്ങിന് സാക്ഷ്യം വഹിച്ചു.
ഐഎന്‍എസ് വിക്രാന്തും മാര്‍ക്കോസ് കമാന്‍ഡോകളും നാവികസേനയുടെ യുദ്ധസജ്ജീകരണങ്ങളും കൃത്യതയും പ്രകടമാക്കുന്ന ഏകോപിത നീക്കങ്ങളാണ് ഓപ്പറേഷണല്‍ ഡെമോയില്‍ അവതരിപ്പിച്ചത്. വിമാന വാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്ത് ഉള്‍പ്പെടെ ഇരുപതിലധികം യുദ്ധക്കപ്പലുകളും അന്തര്‍വാഹിനികളും, വ്യോമസേനയുടെ വിമാനങ്ങളും ഹെലികോപ്റ്ററുകളും, നാവികസേനയുടെ എലൈറ്റ് മറൈന്‍ കമാന്‍ഡോസ് (മാര്‍ക്കോസ്) സംഘവും ചേര്‍ന്ന് സമുദ്രത്തിലെ കരുത്ത് തെളിയിച്ചു.

കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തെ അനാവരണം ചെയ്യുന്ന കലാപരിപാടികളോടെ ആയിരുന്നു തുടക്കം. പിന്നാലെ ഭാരതത്തിന്റെ പോര്‍ക്കപ്പലുകളായ ഐഎന്‍എസ് ഇംഫാല്‍, ഐഎന്‍എസ് ഉദയഗിരി, ഐഎന്‍എസ് കൊല്‍ക്കത്ത, ഐഎന്‍എസ് കമാല്‍, പായ്‌ക്കപ്പലുകളായ തരംഗിണിയും സുദര്‍ശിനിയും മിസൈല്‍ കില്ലര്‍ ബോട്ടുകളും അന്തര്‍വാഹിനിയും ചേര്‍ന്ന് തീരക്കടലില്‍ വിസ്മയക്കാഴ്ചയൊരുക്കി. ഐഎന്‍എസ് വിക്രാന്തില്‍ നിന്നുള്ള മിഗ് വിമാനങ്ങളുടെ ടേക്ക് ഓഫും ഹെലികോപ്റ്ററില്‍ നിന്നുള്ള എയര്‍ ലിഫ്റ്റിങ്ങും പാരാഗ്ലൈഡിങ്ങും ഉള്‍പ്പെടെയുള്ള അഭ്യാസ പ്രകടനങ്ങള്‍ സേനയുടെ ഉള്‍ക്കരുത്തിന്റേയും നീക്കങ്ങളിലെ കൃത്യതയുടേയും മികവ് എടുത്തുകാട്ടി.
സീ കേഡറ്റ് കോറിന്റെ ഹോണ്‍പൈപ്പ് നൃത്തം, സാംസ്‌കാരിക പരിപാടികള്‍, നാവിക ഉദ്യോഗസ്ഥര്‍ അവതരിപ്പിച്ച ‘കണ്ടിന്യുവിറ്റി ഡ്രില്‍’ എന്നിവയും കാണികള്‍ക്ക് ആവേശമായി. ഇന്ത്യന്‍ നേവല്‍ ബാന്‍ഡിന്റെ ബീറ്റിങ് റിട്രീറ്റ് ചടങ്ങുകള്‍ക്ക് സമാപനം കുറിച്ചു, തുടര്‍ന്ന് കപ്പലുകളില്‍ ദീപാലങ്കാരം നടത്തി.
















