ന്യൂദൽഹി: വിമാനയാത്ര തടസ്സം 48 മണിക്കൂർ കൂടി തുടരും. ജീവനക്കാരുടെ കുറവും കാലാവസ്ഥാ പ്രശ്‌നങ്ങളും സാങ്കേതിത തകരാറുമുൾപ്പെടെ പലവിധ പ്രശ്‌നങ്ങൾ ഒന്നിച്ചുവന്നതാണ് ഇപ്പോഴത്തെ തടസ്സങ്ങൾക്ക് കാരണമായതെന്ന്് ഇൻഡിഗോ എയർലൈൻസ് പ്രസ്താവനയിൽ അറിയിച്ചു. സാധാരണ നിലയിലാകാൻ 48 മണിക്കൂർ വേണ്ടിവരുമെന്നാണ് അറിയിക്കുന്നത്.
രാജ്യത്തെ ഏറ്റവും വലിയ ആഭ്യന്തര വിമാന സർവീസ് കമ്പനിയായ ഇൻഡിഗോ ഇന്ന് മാത്രം 100 സർവീസുകളാണ് റദ്ദാക്കിയത്. യാത്രക്കാർക്ക് വലിയ അസൗകര്യങ്ങളാണ് ഉണ്ടായത്. ടിക്കറ്റ് എടുത്തവർക്കെല്ലാം റീഫണ്ടുനൽകി.
രണ്ട് ദിവസമായി വലിയ വിമാന സർവീസുകൾ തടസ്സപ്പെട്ട ഇൻഡിഗോ, യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ക്ഷമാപണം നടത്തുന്നുവെന്നാണ് പ്രസ്താവന.
ചെറിയ സാങ്കേതിക തകരാറുകൾ, ശൈത്യകാല ഷെഡ്യൂൾ ക്രമീകരണങ്ങൾ, പ്രതികൂല കാലാവസ്ഥ, കനത്ത വിമാനത്താവള തിരക്ക്, പുതുക്കിയ ക്രൂ റോസ്റ്ററിംഗ് നിയമങ്ങൾ എന്നിവ എയർലൈനിന് പ്രവചിക്കാൻ കഴിയാത്ത വിധത്തിൽ പ്രവർത്തനങ്ങളെ ബാധിച്ചെന്ന് ഇൻഡിഗോ പറഞ്ഞു.
















