ചണ്ഡീഗഢ്: യുദ്ധവിമാനം അപകടത്തില്‍പ്പെട്ടാല്‍ പൈലറ്റിന്റെ ജീവന്‍ രക്ഷിക്കുന്നതിനായി ഡിആര്‍ഡിഒ വികസിപ്പിച്ച എസ്‌കേപ്പ് സിസ്റ്റത്തിന്റെ പരീക്ഷണം വിജയകരം.
ചണ്ഡീഗഡിലെ ടെര്‍മിനല്‍ ബാലിസ്റ്റിക്‌സ് റിസര്‍ച്ച് ലബോറട്ടറിയിലെ (ടിബിആര്‍എല്‍) ഡിആര്‍ഡിഒയുടെ റെയില്‍ ട്രാക്ക് റോക്കറ്റ് സ്ലെഡില്‍ (ആര്‍ടിആര്‍എസ്) ഇന്നലെയായിരുന്നു പരീക്ഷണം. റോക്കറ്റ്- സ്ലെഡ് ട്രയല്‍ മണിക്കൂറില്‍ 800 കിലോമീറ്റര്‍ കൃത്യമായി നിയന്ത്രിത വേഗത കൈവരിച്ചതായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അറിയിച്ചു. ഭാരതത്തിന്റെ പ്രതിരോധ മേഖലയ്‌ക്കിത് മുതല്‍ക്കൂട്ടാകും. ഫ്രണ്ട്ലൈന്‍ യുദ്ധവിമാനങ്ങളുടെ നിര്‍ണായക ഘട്ടങ്ങളില്‍ പുതിയ സിസ്റ്റത്തിന് അതിവേഗം പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് വിജയകരമായി തെളിയിച്ചെന്നും മന്ത്രി പറഞ്ഞു.
അടുത്തിടെ ദുബായ്‌യില്‍ എയര്‍ഷോയ്‌ക്കിടെ തേജസ് യുദ്ധവിമാനം തകര്‍ന്ന് ഒരു പൈലറ്റ് മരിച്ചിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട വിമാനത്തില്‍ നിന്ന് പുറത്തേക്ക് ചാടാന്‍ പൈലറ്റിന് കഴിയാത്തതാണ് മരണകാരണമെന്ന് കരുതുന്നു. അതുകൊണ്ടു തന്നെ ഡിആര്‍ഡിഒ പുതിയതായി വികസിപ്പിച്ച എസ്‌കേപ്പ് സിസ്റ്റം പ്രയോജനപ്രദമാകും. യുദ്ധവിമാനത്തിന്റെ മേല്‍പ്പാളി എങ്ങനെ ഉയര്‍ത്തി അല്ലെങ്കില്‍ പൊട്ടിത്തെറിക്കുന്നു, എജക്ഷന്‍ സിസ്റ്റം എങ്ങനെ തീപിടിക്കുന്നു, പാരച്യൂട്ട് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നീ മൂന്ന് പരീക്ഷണങ്ങളാണ് ഇന്നലെ ചണ്ഡീഗഢില്‍ നടന്നത്. മൂന്ന് പരീക്ഷണങ്ങളും വിജയകരമായിരുന്നെന്ന് രാജ്‌നാഥ് സിങ്ങും ഡിആര്‍ഡിഒയും അറിയിച്ചു. ഡിആര്‍ഡിഒയിലെ ശാസ്ത്രജ്ഞരെ രാജ്‌നാഥ് സിങ് അഭിനന്ദിച്ചു.
തേജസ് മാര്‍ക്ക് 2, എഎംസിഎ എന്നീ യുദ്ധ വിമാനങ്ങളില്‍ അടക്കം ഈ എസ്‌കേപ്പ് സിസ്റ്റം സ്ഥാപിക്കും. അതേസമയം പാരാമീറ്ററുകള്‍ കൃത്യമായി നിയന്ത്രിക്കാനും ഉപകരണം പ്രവര്‍ത്തിപ്പിക്കുന്നത് സംബന്ധിച്ചും കൂടുതല്‍ പരീക്ഷണങ്ങള്‍ തുടരും.
















