തിരുവനന്തപുരം: ബലാത്സംഗക്കേസിൽ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. സംസ്ഥാനത്തിനകത്തും പുറത്തും രാഹുലിനായി പൊലീസ് തിരഞ്ഞുകൊണ്ടിരിക്കുകയാണ്. ജാമ്യാപേക്ഷയിലെ വാദം അടച്ചിട്ടമുറിയിൽ വേണമെന്നാണ് പ്രോസിക്യൂഷനും രാഹുൽ മാങ്കൂട്ടത്തിലിന്റെ അഭിഭാഷകനും ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് അനുവദിക്കണോ എന്നതിലാകും ആദ്യം വാദം നടക്കുക.
തനിക്കെതിരായ പരാതിയിലെ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ വാദം.ഇന്നലെ ഒളിവിലുള്ള രാഹുലിനെ തേടി പൊലീസ് സംഘം കര്‍ണാടക -തമിഴ്നാട് അതിര്‍ത്തിയായ ബാഗല്ലൂരിലെത്തിയെങ്കിലും രാഹുൽ അവിടെ നിന്നും രക്ഷപ്പെട്ടിരുന്നു. ബാഗല്ലൂരിലെ റിസോര്‍ട്ടിലാണ് രാഹുൽ ഒളിവിൽ കഴിഞ്ഞിരുന്നത്. തമിഴ്നാട്ടിലും കര്‍ണാടകയിലും രാഹുലിനായി പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.അതേസമയം, വീണ്ടും ലൈംഗിക പീഡന പരാതി ഉയര്‍ന്നതോടെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരെ കൂടുതൽ കടുത്ത നടപടിയിലേക്ക് നീങ്ങുകയാണ് കോൺഗ്രസ്.
വീണ്ടും പരാതികൾ ഉയർന്നതോടെ പാർട്ടിയിൽ നിന്ന് രാഹുലിനെ പുറത്താക്കണമെന്ന ആവശ്യം ശക്തമായി. നേതാക്കൾ കൂടിയാലോചന നടത്തി ഉടൻ ഇക്കാര്യത്തിൽ തീരുമാനം എടുക്കും. നിലവിൽ സസ്‌പെൻഷനിലാണ് രാഹുൽ. നിലവിലെ സാഹചര്യത്തിൽ പാർട്ടിയിൽ നിന്ന് പുറത്താക്കിയാൽ രാഷ്‌ട്രീയമായി ഗുണം ചെയ്യുമെന്നാണ് നേതാക്കളുടെ വിലയിരുത്തൽ. അതേസമയം, എംഎൽഎ സ്ഥാനം രാജിവെപ്പിക്കാൻ സാങ്കേതിക പരിമിതികൾ ഉണ്ടെന്ന് നേതൃത്വം പറയുന്നു. സമാനമായ കേസുകളിൽ ഉൾപ്പെട്ട എംഎൽഎമാർ പദവിയിൽ തുടരുന്നതും പ്രശ്നമാണ്. പാർട്ടിയിൽ നിന്ന് സസ്‌പെൻഷനിലായതിനാൽ രാജി നിർദേശം രാഹുൽ അംഗീകരിക്കണമെന്നുമില്ല.
















