തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എയ്‌ക്കെതിരായി ലൈംഗിക പീഡന പരാതി നല്കിയ യുവതിയെ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വറിന് ജാമ്യമില്ല.തിരുവനന്തപുരം ജില്ലാ കോടതി രാഹുല്‍ ഈശ്വറിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
ജാമ്യാപേക്ഷ തളളിയതിനെ തുടര്‍ന്ന് രാഹുല്‍ ഈശ്വറിനെ പൂജപ്പുര ജില്ലാ ജയിലിലേക്ക് മാറ്റി. കളളക്കേസിനെ നിയമപരമായി നേരിടുമെന്ന് രാഹുല്‍ ഈശ്വര്‍ ജയിലിലേക്ക് കൊണ്ടു പോകവെ മാധ്യമങ്ങളോട് പറഞ്ഞു. പുരുഷന്മാരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടും.
ജയിലില്‍ നിരാഹാരം അനുഷ്ഠിക്കുമെന്നും വെളിപ്പെടുത്തി.
രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ രാഹുല്‍ ഈശ്വര്‍ പുറത്തിറക്കിയ വീഡിയോ കണ്ട ശേഷമാണ് ജാമ്യം നിഷേധിച്ചത്.വീഡിയോ അപ്ലോഡ് ചെയ്ത ലാപ്‌ടോപ്പ് പൊലീസ് രാഹുല്‍ ഈശ്വറിന്റെ വീട്ടില്‍ നിന്ന് തിങ്കളാഴ്ച രാവിലെ പിടിച്ചെടുത്തിരുന്നു. ഇതില്‍ അതിജീവിതയുടെ ഫോട്ടോ ഉള്‍പ്പെടെ ഉണ്ടായിരുന്നു. ഇത് പലര്‍ക്കും ഷെയര്‍ ചെയ്തിട്ടുണ്ടായിരുന്നു.
പരാതിക്കാരിയുടെ പേരും ജോലി ചെയ്യുന്ന സ്ഥാപനവും വെളിപ്പെടും വിധം വീഡിയോ പുറത്തിറക്കിയെന്നാണ് രാഹുല്‍ ഈശ്വറിനെതിരായ ആക്ഷേപം.
രാഹുല്‍ ഈശ്വര്‍ സ്ഥിരം കുറ്റവാളിയെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.പ്രതി സമാന കുറ്റകൃത്യം മുമ്പും ചെയ്തിട്ടുള്ളയാളാണെന്നും അതിജീവിതയെ വീണ്ടും അപമാനിക്കാന്‍ ശ്രമിക്കുമെന്നും വാദമുയര്‍ത്തി.
















