വ്യക്തിപരമായ ജീവിതത്തിൽ തകർന്ന് നിൽക്കുന്ന ആളാണ് താനെന്ന് നടൻ വിനായകൻ . വീട്ടിൽ തന്നെ ഇരിക്കുന്നതാണ് നല്ലതെന്നും എവിടെയും പോകരുതെന്നും മരണം വരെ പരിഹരിക്കപ്പെടാത്ത നിരവധി കേസുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘എന്റെ യഥാർത്ഥ ജീവിതം തകർന്നു. ഞാൻ ഇപ്പോൾ 100 ശതമാനം നടനാണ്. ഞാൻ ഒരു സെലിബ്രിറ്റിയും പൊതുപ്രവർത്തകനുമാണ്. പക്ഷേ വ്യക്തിപരമായി, ഞാൻ തകർന്നിരിക്കുന്നു. എനിക്ക് ഒന്നും ഡീൽ ചെയ്യാൻ പറ്റുന്നില്ല. എന്റെ പെരുമാറ്റം മാറിയിട്ടില്ല. എനിക്ക് പഴയ പെരുമാറ്റം തന്നെയാണ്. പക്ഷേ ആളുകൾ എന്നെ കാണുന്ന രീതി മാറിയിരിക്കുന്നു. അപ്പോൾ വീട്ടിൽ തന്നെ ഇരിക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ, പ്രശ്‌നങ്ങളുണ്ടാകും. എനിക്ക് ഉറപ്പുണ്ട്. മരണം വരെ പരിഹരിക്കപ്പെടാത്ത നിരവധി കേസുകളുണ്ട്. ഞാൻ മാറിനിൽക്കണം. അല്ലെങ്കിൽ, ഞാൻ മരിക്കേണ്ടിവരും, അല്ലെങ്കിൽ കൂടുതൽ കേസുകൾ വരും. മാറി നിൽക്കുന്നുവെന്നേയുള്ളൂ. മുറിയിൽ നിന്ന് പുറത്തു പോകരുത്.
അറുപത് വർഷത്തെ ഒരു പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. എനിക്ക് അമ്പത് വയസ്സായി. അത് ഏതാണ്ട് അവസാനിച്ചു എന്ന് ഞാൻ കരുതുന്നു. എനിക്ക് ഇനിയും പത്ത് വർഷം ജീവിക്കണം. അത് മതി. അറുപത് വരെ ജീവിച്ചാൽ ഞാൻ ഒരു സംഗീതജ്ഞനാകും. എനിക്ക് അത് ഇഷ്ടമാണ്. എനിക്ക് അഭിനയം ഇഷ്ടമാണ്, പക്ഷേ എന്റെ ലക്ഷ്യം ഒരു സംഗീതജ്ഞനാകുക എന്നതാണ്. ചിലപ്പോൾ ഞാൻ സംവിധാനം ചെയ്യുന്ന സിനിമയ്‌ക്ക് സംഗീതം നൽകും. മറ്റൊരു സിനിമയ്‌ക്കും ഞാൻ സംഗീതം നൽകില്ല,’ വിനായകൻ പറഞ്ഞു.
















