പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഇനിയും ആറിലധികം പേരെ ചോദ്യം ചെയ്യാനിരിക്കെ എസ്‌ഐടി ബുധനാഴ്ച ഇടക്കാല റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. അന്വേഷണം പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ കൂടുതല്‍ സമയം ആവശ്യപ്പെടാനാണ് നീക്കം. കേസുമായി ബന്ധപ്പെട്ട് ഇനിയും പുറത്തുവരാത്ത നിരവധി കാര്യങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉണ്ടാകും.
ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിന്റെ മൊഴിയാണ് ഇതില്‍ പ്രധാനം.
രണ്ടാം ചോദ്യം ചെയ്യലില്‍ സര്‍ക്കാറിന്റെ പങ്ക് വ്യക്തമാക്കാതിരുന്ന പത്മകുമാര്‍ കുറ്റം തന്ത്രിമാരുടെ മേല്‍ ചാരാനുള്ള ശ്രമമാണ് നടത്തിയത്. എന്നാല്‍ അന്വേഷണത്തിന്റെ ഭാഗമായി ദേവസ്വം മുന്‍ മന്ത്രി കടകംപള്ളിയെ ചോദ്യം ചെയ്യുമെന്ന് സൂചനയുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരില്‍ നിന്നുള്ള സമ്മര്‍ദ്ദം മൂലമാണ് കടകംപള്ളിയുടെ ചോദ്യം ചെയ്യല്‍ നീളുന്നതെന്നാണ് സൂചന.
സന്നിധാനത്തെ പാളികളില്‍ സ്വര്‍ണത്തിന്റെ സാന്നിധ്യം അറിയാനും ചെമ്പുപാളികള്‍ മാറ്റിയിട്ടുണ്ടൊ എന്ന് പരിശോധിക്കാനുമായി എടുത്തിട്ടുള്ള സാമ്പിളുകളുടെ രാസ പിരിശോധനാ ഫലങ്ങള്‍ ഉടന്‍ ലഭ്യമാകും. അതിന്റെ റിപ്പോര്‍ട്ടു കൂടി ഹൈക്കോടതിയില്‍ സമര്‍പ്പിക്കാനാണ് ശ്രമം. ചൊവ്വാഴ്ചയ്‌ക്കുള്ളില്‍ ലാബില്‍ നിന്നും വിശദവിവരങ്ങള്‍ ലഭിച്ചേക്കും.
ഇതിനിടെ കേസുമായി ബന്ധപ്പെട്ട് വീണ്ടും കര്‍ണാടക, തെലങ്കാന, ചെന്നൈ മേഖലയില്‍ കൂടുതല്‍ അന്വേഷണം നടത്താനും സാധ്യതയുണ്ട്. കര്‍ണാടക ബെല്ലാരിയിലെ റോധം ജൂവലറി ഉടമ ഗോവര്‍ദ്ധനന്‍, ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍ സിഇഒ പങ്കജ് ഭണ്ഡാരി, നാഗേഷ്, കല്‍പേഷ്, അനന്ത സുബ്രഹ്‌മണ്യം, ആര്‍. രമേഷ് എന്നിവരെ ഒരിക്കല്‍ കൂടി ചോദ്യം ചെയ്‌തേക്കും. ബെല്ലാരിയിലെ ജൂവലറിയില്‍ നിന്നും കണ്ടെടുത്ത 426 ഗ്രാം സ്വര്‍ണം ശബരിമലയിലെ ദ്വാരപാലക ശില്‍പ പാളികളിലേതു തന്നെയാണോ എന്ന സംശയം ബാക്കിയാണ്. സ്വര്‍ണം പൊതിഞ്ഞ പാളികളുടെ പകര്‍പ്പ് ഉണ്ടാക്കിയിരുന്നൊ എന്നതു സ്ഥിരീകരിക്കാനാണ് നാഗേഷിനെ ചോദ്യം ചെയ്യുക. നാഗേഷ് ഇക്കാര്യത്തില്‍ നേരത്തെ തന്നെ സംശയ നിഴലിലാണ്.
















