കോഴിക്കോട്: സി.പി.എം. കോഴിക്കോട് ജില്ലാ കമ്മറ്റി അംഗം പി.കെ. ദിവാകരനെതിരെ പരോക്ഷമായി ‘മാക്രി’ പരാമർശവുമായി കേന്ദ്രമന്ത്രിയും തൃശൂർ എം.പിയുമായ സുരേഷ് ഗോപി. വടകരയിലെ ചർച്ചയ്‌ക്കിടയിൽ സുരേഷ് ഗോപി എം.പി. ഒന്നും ചെയ്യുന്നില്ലെന്നും, ബി.ജെ.പിയെ സുരേഷ് ഗോപി തന്നെ തോൽപ്പിക്കുമെന്നും പി.കെ. ദിവാകരൻ വിമർശിച്ചിരുന്നു.
“വടകരയിൽ ഉരാളുങ്കൽ സൊസൈറ്റി… അത് ആരുടേതാണെന്ന് അറിയാമല്ലോ. അന്വേഷിച്ച് മനസ്സിലാക്കിക്കോളൂ… പക്ഷേ അവരാണ് യോഗ്യമായ ഒരു പദ്ധതി കൊണ്ടുവന്നത്. അവർക്ക് ഞാൻ കൂടി അംഗീകരിച്ച ഒരു പദ്ധതിയാണ് ലഭിച്ചിരിക്കുന്നത്. 95.34 കോടിരൂപയുടെ പദ്ധതി. ആ മാക്രിയുടെ മൂക്കിനു താഴെയാണ് കൊടുത്തിരിക്കുന്നത്. അയാൾക്ക് എന്താണ് ഇതിൽകൂടുതൽ അറിയേണ്ടത്. തൃശൂർ എംപിക്കിട്ട് ഞോണ്ടാൻ വരരുത്. ഞാൻ മാന്തി പൊളിച്ചു കളയും. അത്രേയുള്ളൂ,” എന്ന് സുരേഷ് ഗോപി.
“കൊല്ലത്തെ അഷ്ടമുടിയിലെ പദ്ധതിക്ക് 59.73 കോടിരൂപ അനുവദിച്ചു. ഇതൊക്കെ കൃത്യമായി മന്ത്രിയെന്ന നിലയിൽ ചെയ്തിട്ടുണ്ട്. തൃശൂരിന് ഫൊറൻസിക് ലാബും റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ട്രെയ്നിങ് കോളജും അനുവദിച്ചു. 8 ഏക്കർ സംസ്ഥാന സർക്കാർ നൽകണം. തിരുവനന്തപുരത്തേ നൽകൂ എന്നു പറയുന്നത് ദുഷിച്ച രാഷ്‌ട്രീയ ചിന്താഗതിയാണ്,’’ അദ്ദേഹം കൂട്ടിച്ചേർത്തു.
















