രാമയ്യർപരമേശ്വരൻ
ഗുരുവായൂർ: ചരിത്രപ്രസിദ്ധമായ ഗുരുവായൂർ ഏകാദശി മഹോത്സവം ഇന്നാണ്.! ആചാരപ്പെരുമയോടെ, പൗരാണികതയോടെ, പരിപാവനതയോടെ ഗുരുവായൂരപ്പന്റെ ഏകാദശി വിളക്കുകൾ ഇന്ന് വൈകിട്ട് തെളിയും. ഏകാദശി വിളക്കിന് ചരിത്രമുണ്ട്, വിശ്വാസമുണ്ട്, ആചാരമുണ്ട്, അനുഷ്ഠാനമുണ്ട്. അതിന്റെ സൂക്ഷ്മാംശങ്ങൾ ഇങ്ങനെയാണ്.
1916 വരെ നവമി വിളക്ക് ആയിരുന്നു. അത് ഗുരുവായൂരപ്പന്റെ മേശ്ശാന്തി വകയായിരുന്നു. പിന്നീട് കൊളാടി കുടുംബം വകയായി.
1914 ഗുരുവായൂർ ഏകാദശിക്ക് പൊന്നിൻതലേക്കെട്ടും ജീവിതയും ശാമുപട്ടരും, കൃഷ്ണപട്ടരും ദഹണ്ഡക്കാർ. ഭണ്ഡാരംഅറയുടെ താക്കോലുമായി ഉണ്ടായിരുന്നത് ഗോപാലമേനോൻ ആയിരുന്നു.
1940 ൽ പറമ്പോട്ട് അച്ചുതന് വഴിപാട് നടത്താൻ സാമൂതിരിയുടെ അനുമതി കിട്ടി, അദ്ദേഹം നടത്തി.
1950 വരെ വടക്കേടത്ത് മനവകയും ഏകാദശിവിളക്ക് നടന്നു.
1951 ൽ മരനാട് ഏകാദശി വിളക്ക് ഒഴിഞ്ഞു. പകരം എടത്രനാടിന് നെയ്വിളക്ക് നടത്താൻ അനുമതിയായി.
1956 ൽ പുന്നത്തൂർ കോവിലകം ഏകാദശി വിളക്ക് ഒഴിഞ്ഞു. ദേവസ്വം എംപ്ലോയീസ് അസോസിയേഷൻ ഏറ്റെടുത്തു. 2016 മുതൽ എംപ്ലോയീസ് അസോസിയേഷനും പെൻഷനേഴ്‌സ് അസോസിയേഷനും സംയുക്തമായി വഴിപാട് നടത്തി.
1969 ൽ മദിരാശി പി.ടി. കുമാരപ്പണിക്കർ ഒഴിഞ്ഞു. ഗുരുവായൂരിലെ ജി.ജി. കൃഷ്ണയ്യർക്ക് ഏകാദശി വിളക്ക് നടത്താൻ അനുമതി നൽകി സാമൂതിരിയുടെ തിട്ടൂരം!
1971 ൽ ഏകാദശി സുദിനത്തിലെ വിളക്ക് ചിറളയം രാജകുടുംബം ഒഴിഞ്ഞു. ഗുരുവായൂർ ദേവസ്വം ഏറ്റെടുത്തു.
1972 ദശമി സുദിനം. ഏകാദശിവിളക്ക് സാമൂതിരികോവിലകം ഒഴിഞ്ഞു. ശ്രീഗുരുവായൂരപ്പൻ സങ്കീർത്തന
ട്രസ്റ്റ് ഏറ്റെടുത്തു.
1976 മുതൽ ഉള്ളനാട്ട് പണിക്കർ ഒഴിഞ്ഞു. ഗുരുവായൂർ അയ്യപ്പഭജനസംഘം ഏകാദശി വിളക്ക് ആരംഭിച്ചു.
1978 ൽ 17 ൽ നിന്നും ഏകാദശി വിളക്കുകൾ 27 ആയി. 6 ഉദയാസ്തമനപൂജയും
1980 ! ഏകാദശിവിളക്കുകൾ 27 ൽ നിന്നും ഉദയാ സ്തമനപൂജ ഉൾപ്പെടെ 32 ആയി.

ചരിത്രപ്രസിദ്ധമായ ഗുരുവായൂർ ഏകാദശി ഈ വർഷം 2025 ഡിസംബർ 1 നാണ്. ഒരുമാസംമുമ്പ് തന്നെ ആചാരാനുഷ്ഠാനങ്ങളോടെയുള്ള രാത്രിയിലെ ചുറ്റുവിളക്ക് വഴിപാട് ആരംഭിക്കും.
ഗുരുവായൂർ ക്ഷേത്രത്തിൽ ഉദയാസ്തമന പൂജ നടത്തുന്നദിവസം പൂജവകയായിട്ടുള്ള ചുറ്റുവിളക്കും, അതല്ലാതെ ചുറ്റുവിളക്ക് മാത്രമായിട്ട് നടത്തുന്ന സമ്പ്രദായവും പൗരാണിക കാലഘട്ടത്തിൽ തന്നെ ആരംഭിച്ചതാണ്. നൂറ്റാണ്ടുകൾപഴക്കമുള്ളതാണ് ഗുരുവായൂരപ്പന്റെ വിളക്കാചാരചടങ്ങുകൾ.
ഗുരുവായൂരപ്പന്റെ പൂജാ സംപ്രദായവും ആചാരാനുഷ്ഠാന സംപ്രദായങ്ങളും വിളക്കാചാരചടങ്ങുകളുംഎല്ലാം ജഗദ്ഗുരു ശങ്കരാചാര്യസ്വാമികളുടെനിശ്ചയപ്രകാരമാണെന്നതത്രെ ഭക്തജനവിശ്വാസം. അതെന്തായാലും ഗുരുവായൂരപ്പന്റെ ശീവേലി സമയം വടക്ക് പടിഞ്ഞാറ് മൂലയിലെത്തിയാൽ ഇന്നും വാദ്യഘോഷങ്ങൾ നിർത്തി അടിയന്തിരം മാരാർ വലംതലകൊട്ടി ഭക്തജനങ്ങളെല്ലാം പ്രാർത്ഥനയോടെ ജഗദ്ഗുരു ശങ്കരാചാര്യസ്വാമികളെ ഭക്തിപൂർവം അനുസ്മരിക്കുന്ന ചടങ്ങുണ്ട് .ഭാഗവതാചാര്യൻമാരും പണ്ഡിതൻമാരും പറഞ്ഞുവെച്ചതും അതുതന്നെ. ഗുരുവായൂരപ്പന്റെ നിത്യേനയുള്ള അത്താഴശ്ശീവേലിക്ക് ചെണ്ടയും,ചേങ്ങിലയും,ശംഖും,ഇടയ്‌ക്കയും,ഇലത്താളവും,മദ്ദളവും,കുറുംകുഴലും,കൊമ്പുവാദനവും വാദ്യവിശേഷങ്ങളെങ്കിൽ,വിളക്കാചാരമാവുമ്പോൾ മരവും, നാദസ്വരവുംകൂടി വാദ്യത്തിലുണ്ടാകും.വടക്കെ നടയിലെ കുഴൽ പറ്റും വിശേഷമാണ്.
1938 ൽ ചുറ്റുവിളക്ക് വഴിപാടിന് 60/_യോളം ചിലവുണ്ടായിരുന്നതായി ചരിത്രരേഖകൾ വ്യക്തമാക്കുന്നു. ഗുരുവായൂർ ക്ഷേത്രം എസ്റ്റേറ്റ് ഭരണകാലത്ത് ഗുരുവായൂരപ്പന്റെ മേശ്ശാന്തിക്ക് 150/_ക.ശംബളംനിശ്ചയിച്ച് ഉത്തരവുണ്ടായതോടെ പ്രസിദ്ധമായ നവമി വിളക്ക് കൊളാടികുടുംബം വകയായി നടത്താൻ ആരംഭിച്ചു.
വിളക്കാചാരം വക നടയ്‌ക്കൽ പണം എട്ടേകാൽരൂപയാണ്. ഇതിൽ തിടമ്പ് എഴുന്നള്ളിപ്പ് നമ്പൂതിരിക്ക് 75 പ.,തിരുവുടയാട തയ്യാറാക്കുന്ന വെളുത്തേടന് 75 പ.,ആനവിചാരിപ്പുകാരൻ മാദേമ്പാട്ട് നമ്പ്യാർക്ക് 75 പ,തിരിയിടുന്ന അഴീക്കൽ,മനയം കുടുംബക്കാർക്ക് 3 പങ്ക് വേണം അതായത് 2.25 രൂപ,കൂടാതെ അടിയന്തിരം മാരാർ, കൊമ്പ് വാദനം,കുഴൽവാദനം മദ്ദളം, ഇലത്താളം എന്നിവർക്ക് 75 പ.വീതവും,കൂടി ആകെ എട്ടേകാൽ രൂപ ഗുരുവായൂരപ്പന്റെ വിളക്കാചാരത്തിന് സമാപനസമയം വഴിപാട് കാരൻ ചേങ്ങിലയിൽ സമർപ്പിക്കുന്ന ചടങ്ങുണ്ട്.

മണ്ഡലവിശേഷമായാൽ വാദ്യം കൂടുതലാണ് .ഇടുതുടി,വീരാണം.
എന്നിവകൂടി വേണം.വൃശ്ചികം 1 മുതൽ 30 ദിവസം ഒരു 75 പ.കൂടി അധികം വരും.അപ്പോൾ നടയ്‌ക്കൽ പണം 9 രൂപയാകും. എന്തായാലും
ഗുരുവായൂരപ്പന്റെ ചുറ്റുവിളക്ക് വഴിപാടും മഹനീയം …ഗുരുപവനപുരേ ഹന്ത! ഭാഗ്യം ജനാനാം!
സാമൂതിരി രാജകുടുംബവും, പുന്നത്തൂർ രാജവംശവും,ചിറളയംരാജവംശവും,ധനാഢ്യൻമാരായ നമ്പൂതിരി കുടുംബങ്ങളിലെ മരനാട്,
എടത്രനാട്,വടക്കേടത്ത്മന എന്നിങ്ങനെയും, സാമൂതിരി രാജ ഭരണകാലത്തെ ദേവസ്വം കാര്യസ്ഥൻമാരായ ഉള്ള നാട്ട് പണിക്കർ, കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥനായിരുന്ന പി.ടി. കുമാരപണിക്കർ വകയായും പൗരാണികമായി നടന്നുവന്ന ഏകാദശി വിളക്കുകൾ കാലക്രമേണ നിലച്ചു.
1974 വരെ ഈ.പി.അച്യുതൻ നായരും,ആനന്ദ് ഫിലിംസ് കോയമ്പത്തൂർ എന്ന സ്ഥാപനവും വിളക്ക് വഴിപാട് നടത്തിയിരുന്നു. 1985 _86 കാലഘട്ടത്തിൽ ഗുരുവായൂരപ്പൻ ജ്വല്ലറി വകയായും,എം.ബാലസുബ്രഹ്‌മണ്യം, കോയമ്പത്തൂർ,പി.എം.കൃഷ്ണമൂർത്തി എന്നിവരും ഗുരുവായൂരപ്പന് ഏകാദശി വിളക്ക് നടത്തിയിരുന്നതായി കാണാം. പിന്നീട് കാലക്രമേണ തുടർന്ന് നടത്താൻ കഴിയാത്ത അവസ്ഥയിൽ മുടക്കം കൂടാതെ ഏകാദശി വിളക്ക് നടത്താൻ പകരം ഗുരുവായൂരിലേയും,മറ്റുദേശങ്ങളിലേയും ഭക്തൻമാരുടെ,സംഘടനകളും,വ്യക്തികളും ഏകാദശി വിളക്കുകൾ ഏറ്റെടുത്തു നടത്തി തുടങ്ങി.

ഗുരുപവനപുരേശന് വൃശ്ചികമാസത്തിലെ ഏകാദശിയോടനുബന്ധിച്ച് ഭക്തജനങ്ങൾ സമർപ്പണബുദ്ധ്യാ, ആവേശപൂർവം നടത്തുന്ന പ്രധാനമായ വഴിപാടാണ് രാത്രി അത്താഴപ്പൂജക്കുശേഷം നടക്കുന്ന ചുറ്റുവിളക്കാചാരം. ഗുരുവായൂർ ക്ഷേത്രത്തിലെ പൂജാസംപ്രദായങ്ങളു.,ആചാരസംപ്രദായങ്ങളും, ചിട്ടപ്പെടുത്തിയത് ആദിശങ്കരാചാര്യസ്വാമികളാണെന്ന് ക്ഷേത്ര ചരിത്രം ഉദ്‌ഘോഷിക്കുന്നു. അതുകൊണ്ടുതന്നെ നിത്യം ഗുരുവായൂരപ്പന്റെ 3 നേരത്തേ ശീവേലിക്കും വടക്ക് പടിഞ്ഞാറ് മൂലയിൽ വാദ്യഘോഷങ്ങൾ നിർത്തി ഗുരുവായൂരിൽ ആചാര്യസ്മരണയും മുടക്കമില്ലാതെ നടന്നുവരുന്നു. ഭഗവാന്റെ ചുറ്റുവിളക്കിന് ഇത്രയും പ്രാധാന്യം കൈവന്നതും ഇതുകൊണ്ടത്രെ. ഗുരുവായൂരപ്പന് സമർപ്പിക്കുന്ന ചുറ്റുവിളക്കാചാരത്തിന്‌ക്ഷേത്രസന്നിധിയിൽ വന്ന് ഭഗവാനെ ഒന്ന് കൺകുളിർക്കെ കണ്ടാൽ, ഒരുദീപമെങ്കിലും തെളിയിക്കാൻ കഴിഞ്ഞാൽ ഗുരുവായൂരപ്പന്റെ അനുഗ്രഹം നിർല്ലോഭമാണെന്ന് ഭാഗവത ആചാര്യന്മാരും ഭക്തവൃന്ദവും സമ്മതിക്കുന്നു. അതുകൊണ്ട് തന്നെയാവാം ഈ സന്നിധിയിൽചുറ്റുവിളക്ക് വഴിപാട് നടത്താൻ ഇത്രയും ഭക്തജനത്തിരക്ക് വർദ്ധിച്ചു വരുന്നതും.
ഒരു ലക്ഷം രൂപയോളം ചെലവു വരുന്നചുറ്റുവിളക്ക് വഴിപാടിന് ഇന്നും ഭക്തജനം ക്യൂ നിൽക്കുന്ന സാഹചര്യമാണിന്ന്. സാധാരണ ദിവസത്തെ ചുറ്റുവിളക്കാചാരചടങ്ങുകളായാലും വിളക്കാഘോഷങ്ങൾക്ക് വിശേഷവിധിയായി ലക്ഷങ്ങൾചെലവിടുന്ന വാദ്യഘോഷങ്ങളാലും കലാ പരിപാടികളാലും ചുറ്റുവിളക്ക് വഴിവാടു നടത്തുന്ന ഭക്തൻ ചടങ്ങുകളുടെ ഭാഗമായി സമാപനവേളയിൽ ചേങ്ങിലയിൽ എട്ടേകാൽ രൂപ സമർപ്പിക്കുന്ന നടക്കൽപ്പണസമർപ്പണം എന്ന ആചാരപരമായ ഒരു ചടങ്ങ് ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തിസാന്ദ്രമാണ്.അതിനു ശേഷമേ ഗജവാഹനത്തിനുമുകളിൽ നിന്നും ഭഗവാന്റെ സ്വർണ്ണത്തിടമ്പ് താഴെ ഇറക്കാറുള്ളൂ എന്നത് പരിപാവനമായ ഈ വിളക്കാചാരത്തിന്റെ പ്രസക്തിയേറുന്നു.
1201 ആം ആണ്ടിലെ ഏകാദശി മഹോത്സവത്തോടനുബന്ധിച്ച് ഈവർഷം 2025 നവംബർ 1 ന് ഗുരുവായൂരപ്പന് ചുറ്റുവിളക്ക് വഴിപാട് നടത്തുന്നത് പാലക്കാട് ദേശത്തെ പൗരാണികമായിട്ടുള്ള പറമ്പോട്ടു കുടുംബം വകയാണ്. ഈ കുടുംബക്കാർ എന്ന് തുടങ്ങി ഈ വഴിപാട് എന്നൊന്നും വ്യക്തമല്ലെങ്കിലും ”സാമൂതിരിരാജഭരണകാലത്തെ രേഖകളിലൂടെ ചികയുമ്പോൾ 1940 കളിൽ പറമ്പോട്ട് അച്ചുതന് തീട്ടു പ്രകാരം വഴിപാടിന് അനുമതി നൽകുന്നതായി കാണാം. അതിങ്ങനെയാണ് കൃത്യമായി പറഞ്ഞാൽ എട്ടു പതീറ്റാണ്ടു മുമ്പ് 1940 ജനവരി 8 ന് സാമൂതിരി രാജയുടെ ഉത്തരവിങ്ങനെ.
ഗുരുവായൂർ ദേവസ്വം മാനേജര കണ്ടുകാര്യമാവിത……പറമ്പോട്ട് അച്യുതൻ അടവാക്കിയ പലിശസംഗതിയെപ്പററി മാനേജർ 29.12.1939 ന് ബോധിപ്പിച്ച റിപ്പോർട്ട് വായിച്ചു. അച്യുതൻ അടവാക്കിയ 219 ക.2 അണയുടെ 1928 ഫിബ്രവരി 13 ന് മുതൽക്ക് കൊല്ലത്തിൽ 3 ശതമാനം ക.പ്രകാരമുള്ള പലിശ കൊടുപ്പാനും മെപ്പടി സംഖ്യയും പലിശയും കൂടി കോ.ഓപ്പറേറ്റീവ് ബാങ്കിൽ സ്ഥിരം സൂക്ഷിപ്പിന് കൊടുപ്പാനും അവിടെ നിന്നു കിട്ടുന്ന പലിശ കൊണ്ട് 14.12.39 ആനുത്തെ. 237 ആം നമ്പ്ര തീട്ടിൽ പറഞ്ഞപ്രകാരം അച്യുതന്റെ ഇഷ്ടപ്രകാരമുള്ള വഴിപാട് നടത്താനും അനുവദിച്ചിരിക്കുന്നു.
എന്നാൽ കൊല്ലം 1115 മതം ധനു ഞായറ 24 നുത്തെ തീട്ടുപ്രകാരം നടന്നുകൊൾകയും ചെയ്‌ക….”
ഒരുപക്ഷേ പറമ്പോട്ട് അച്ചുതനെന്ന ഭക്തൻ 85 വർഷം മുമ്പ് അപേക്ഷ നൽകിയതും സാമൂതിരിപ്പാടു തമ്പുരാൻ അനുമതി നൽകിയതും ഇന്നും ഗുരുവായൂരപ്പന്റെ ഏകാദശി മഹോത്സവത്തോടനുബന്ധിച്ച നടന്നുവരുന്ന ആദ്യത്തെ ചുറ്റുവിളക്ക് വഴിപാടിന് ആയിരിക്കാം.1951 വരെ മരനാട് എന്നവർ നടത്തിയിരുന്ന അഞ്ചാം ദിവസത്തെ ഏകാദശി വിളക്ക് അദ്ദേഹം നടത്താൻ തയ്യാറാവാത്തതിനാൽ എടത്രനാട് എന്നവരുടെ വകയായി 1127വൃശ്ചികം 10 ന് നെയ്വിളക്കായി നടത്താൻ സാമൂതിരി രാജയുടെ 26.11.1951 ലെ തിട്ടൂരവും സാമൂതിരി ഭരണകാലത്തെ ചരിത്രരേഖകളാണ്.
110 വർഷംമുമ്പ് വരെ ഗുരുവായൂരപ്പന്റെ ഏകേദശിക്ക് എഴുന്നള്ളിപ്പിന് ആനകൾക്ക് പൊന്നിൻ തലെക്കെട്ടും,കൂടാതെ ജീവതയും ഉപയോഗിച്ചിരുന്നതായി രേഖകളിൽ സൂചനയുണ്ട്. ക്ഷേത്രം കാര്യസ്ഥൻ ആയിരുന്ന മേലേപ്രത്ത് കോന്തിമേനാന് 1914 നവംബർ 9 ലെ സാമൂതിരിപ്പാടു തമ്പുരാന്റെ തിട്ടൂരത്തിൽ ഗുരുവായൂരപ്പന്റെ ഏകാദശി മഹോത്സവത്തിന് ഭണ്ഡാരങ്ങൾ സ്ഥാപിക്കാനും മേൽനോട്ടത്തിനും 3 കാവൽക്കാരേയും നായകൻ കുഞ്ചു നായരേയും നിയോഗിച്ചയക്കുന്നതായും,അരിക്കാരായി(ദഹണ്ഡം) മേലെമഠം ശാമുപട്ടരേയും,ചന്ദ്രശെഖരപുരം കൃഷ്ണപട്ടരെയും , ഭണ്ഡാരം തുറക്കുന്നതിനും ഭണ്ഡാരം അറയിൽ നിന്നും പൊന്നിൻ തലെക്കെട്ടും ജീവതയും എടുക്കാനും,തിരികെ വെക്കാനും ചുമതലയോടെ ഭണ്ഡാരം അറയുടെ താക്കോലുകളോടെ ശ്രീമാൻ ഗോപാലമേനോനേയും അയച്ചിട്ടുണ്ടെന്നും വ്യക്തമാക്കുന്ന സാമൂതിരി രേഖകൾ കൗതുകകരമാണ്.
പഴമയുടെ പെരുമ യോടെ പൗരാണികമായ ചടങ്ങുകളോടെ ആചാരങ്ങളോടെ ഗുരുവായൂരപ്പന്റെ ഏകാദശീമഹോത്സവത്തിന് ഭക്തജനങ്ങളുടെയും,സംഘടനകളുടേയും,സ്ഥാപനങ്ങളുടേയും ഭക്തന്മാരുടെയും വഴിപാടു സമർപ്പണമായി നടത്തുന്ന പൗരാണികമായ ചുറ്റുവിളക്കുകൾ ചാവക്കാട് മജിസ്‌ട്രേറ്റ് കോടതിയിലേയും പോലീസ് സേനാംഗങ്ങളുടെയും വകയായും, ചാവക്കാട് മുൻസിഫ് കോടതി ജീവനക്കാരുടെയും മറ്റുദ്യോഗസ്ഥാനുദ്യോഗസ്ഥരുടേയും വക്കീൽ ഗുമസ്തൻമാർ വക്കീലന്മാർ എന്നിവരുടെയും ആത്മസമർപ്പണമായി നടന്നുവന്ന ഗുരുവായൂരപ്പനുള്ള ചുറ്റുവിളക്കുവഴിപാടുകൾക്ക് വർഷങ്ങളോളം പഴക്കമുള്ള താണ്. പല സന്ദർഭങ്ങളിലായി പല പല കാരണങ്ങളെ ക്കൊണ്ട് വഴിപാട് നടത്താൻ കഴിയാതെ വന്ന സാഹചര്യത്തിൽ പഴയകാലകുടുംബങ്ങൾ ക്കു പകരം മറ്റു പല ഭക്തൻമാരും,ഭക്തസംഘടനകളും ഗുരുവായൂരപ്പന്റെ ചുറ്റുവിളക്ക് വഴിപാട് മുടക്കം കൂടാതെ നടത്താൻ തയ്യാറായി. ഗുരുപവനപുരത്തിൽ വീണ്ടുമിതാ ഗുരുവായൂർ ഏകാദശി മഹോത്സവം സമാഗതമായി.2025 നവംബർ 1ന് ശനിയാഴ്ച പൗരാണിക തറവാടായ പറമ്പോട്ട് കുടുംബം വകയായി നടത്തുന്ന ചുറ്റുവിളക്കോടെ ഗുരുവായൂരപ്പന് ഈ വർഷം 31 ദിവസത്തെ ഏകാദശി വിളക്കുകൾ സമാരംഭിക്കുന്നു.ഏകാദശി മഹോത്സവം ചുറ്റുവിളക്ക് വിളക്കാഘോഷം ഭക്തജനങ്ങളുടെ പ്രാർത്ഥനയോടെ ഐശ്വര്യപൂർണ്ണമാകട്ടെ.ഗുരുവായൂരപ്പൻ കൃപാകടാക്ഷം ചൊരിയട്ടെ.നമുക്ക് പ്രാർത്ഥിക്കാം.നാരായണ.
















