ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണമായ മൻ കീ ബാത്തിൽ മാഹിയെക്കുറിച്ചും ആലപ്പുഴയിലെ മാന്നാറിനെക്കുറിച്ചും പരാമർശം. ദക്ഷിണാഫ്രിക്കയിലെ ജി-20 സമ്മേളനത്തിനിടെ ഓസ്ത്രേലിയന്‍ പ്രധാനമന്ത്രിക്ക് സമ്മാനിച്ചത് കേരളത്തിലെ മാന്നാറില്‍ നിന്നുള്ള പിച്ചള ഉരുളിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്രിസ്മസ് പുതുവത്സര സമയങ്ങളിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾ വാങ്ങണമെന്ന് മോദി പറഞ്ഞു. ദക്ഷിണാഫ്രിക്കയിൽ നടന്ന ജി 20 ഉച്ചകോടിയിൽ ഇന്ത്യൻ നിർമ്മിത ഉൽപ്പന്നങ്ങളാണ് താൻ ലോക നേതാക്കൾക്ക് സമ്മാനിച്ചതെന്ന് മോദി പറഞ്ഞു.
വിവിധ രാജ്യത്തലവന്മാര്‍ക്ക് നല്‍കിയ ഉപഹാരങ്ങളെക്കുറിച്ച് പ്രധാനമന്ത്രി മന്‍ കി ബാത്തില്‍ വിശദീകരിച്ചു. ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റിന് വെങ്കലത്തിലുള്ള നടരാജ ശില്പം, രാജസ്ഥാനിലെ ഉദയ്‌പൂരില്‍ നിന്നുള്ള വെള്ളിക്കുതിരയുടെ ശില്പമാണ് കാനഡ പ്രധാനമന്ത്രിക്ക് സമ്മാനിച്ചത്.
‘ഐഎൻഎസ് മാഹി’ നാവികസേനയിൽ ഉൾപ്പെടുത്തിയതിനെക്കുറിച്ച് പറയുമ്പോഴാണ് അതിന്റെ പേരിനെക്കുറിച്ച് മോദി പ്രതിപാദിച്ചത്. സമ്പന്നമായ ചരിത്രപൈതൃകമുള്ള മാഹി എന്ന സ്ഥലത്തിന്റെ പേരാണ് കപ്പലിനിട്ടതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞയാഴ്ച മുംബൈയിൽവെച്ചാണ് ഐഎൻഎസ് മാഹി നാവികസേനയിൽ ഉൾപ്പെടുത്തിയത്. ചിലർ അതിന്റെ തദ്ദേശീയ രൂപകല്പനയിൽ ആകൃഷ്ടരായെന്ന് മോദി ചൂണ്ടിക്കാട്ടി. പുതുച്ചേരിയിലെയും മലബാർ മേഖലയിലെയും ജനങ്ങൾ അതിന്റെ പേരിൽത്തന്നെ സന്തോഷിച്ചു. ഐഎൻഎസ് മാഹിയുടെ ചിഹ്നം പരമ്പരാഗതമായി കളരിപ്പയറ്റിൽ ഉപയോഗിച്ചുവരുന്ന ഉറുമിയോട് സാമ്യമുള്ളതാണെന്ന് പലരും ചൂണ്ടിക്കാട്ടിയെന്നും പ്രധാനമന്ത്രി ഓർമ്മിച്ചു.
ഫോർട്ട് കൊച്ചിയിലെ ഐഎൻഎസ് ദ്രോണാചാര്യയിലാണ് ഇന്ത്യൻ നേവൽ മാരിടൈം മ്യൂസിയം സ്ഥിതിചെയ്യുന്നതെന്നും മോദി പറഞ്ഞു.
എൻഡ്യുറൻസ് സ്‌പോർട്‌സ് വളരുന്നു
നമ്മുടെ രാജ്യത്ത് എൻഡ്യുറൻസ് സ്പോർട്‌സ് എന്ന പുതിയ കായികസംസ്കാരം അതിവേഗം വളർന്നുവരുന്നതായി പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ പരിമിതികൾ പരീക്ഷിക്കുന്ന കായികപ്രവർത്തനങ്ങളാണിവ. കുറച്ച് വർഷങ്ങൾക്ക് മുൻപുവരെ, മാരത്തൺ, ബൈക്കത്തൺ പോലുള്ള പ്രത്യേകയിനങ്ങൾ തിരഞ്ഞെടുത്ത ചുരുക്കം ചിലരിൽ മാത്രമായി പരിമിതപ്പെട്ടിരുന്നു. എന്നാലിപ്പോൾ അയൺമാൻ ട്രയാത്ത്‌ലൺ പോലെ എല്ലാ മാസവും 1500-ലേറെ എൻഡ്യുറൻസ് സ്പോർട്‌സ് പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട് -മോദി പറഞ്ഞു.
















