ഇന്ത്യന്‍ സിനിമയുടെ നായക സങ്കല്‍പ്പത്തെ കരുപ്പിടിപ്പിച്ച ഇതിഹാസ താരം വിടപറഞ്ഞതോടെ ബോളിവുഡ് സിനിമയുടെ ഒരു യുഗത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്. അന്തരിച്ചു. ആറ് ദശാബ്ദങ്ങള്‍ നീളുന്ന അതിവിശിഷ്ടമായ ഒരു ചലച്ചിത്രയാത്രയാണ്അവസാനിച്ചിരിക്കുന്നത്. ആക്ഷന്‍ നായകനില്‍ നിന്നും റൊമാന്റിക് കഥാപാത്രങ്ങളിലേക്കു വ്യാപിച്ച വൈവിധ്യമാര്‍ന്ന അഭിനയത്തിലൂടെ ധര്‍മേന്ദ്ര, മറ്റു ഏതൊരു ബോളിവുഡ് നായകനെക്കാളും വിജയങ്ങള്‍ സ്വന്തമാക്കി. അപ്പോഴും ‘സൂപ്പര്‍സ്റ്റാര്‍’ എന്ന വിശേഷണത്തെ പിന്‍പറ്റിയില്ല എന്നത് ധര്‍മേന്ദ്രയുടെ സവിശേഷതയായിരുന്നു.
അനന്യമായ കരിയര്‍
ധര്‍മേന്ദ്ര എന്ന കേവല്‍ കൃഷ്ണന്‍ ദിയോള്‍ 1960 ല്‍ തന്റെ ഇരുപത്തിനാലാം വയസ്സില്‍ ‘ദില്‍ ഭി തേരാ ഹും ഭി തരേ’ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രലോകത്ത് എത്തിയത്. ഇതേത്തുടര്‍ന്ന് ബന്ദിനി, ഐയേ മിലന്‍ കി ബേലാ, കാജല്‍ തുടങ്ങി വിജയകരമായ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.
അഭിനയം ജീവിതത്തിന്റെ പ്രാരംഭഘട്ടത്തില്‍ ധര്‍മേന്ദ്ര, നൂതന്‍ പോലുള്ള വലിയ നായികമാരോടൊപ്പമാണ് പല ചിത്രങ്ങളിലും അഭിനയിച്ചത്.
1965 ലെ യുദ്ധചിത്രമായ ഹഖീകത്ത് ധര്‍മേന്ദ്രയെ ബോക്‌സ്-ഓഫീസില്‍ ശ്രദ്ധേയനാക്കി. അതിനു ശേഷം പുറത്തിറങ്ങിയ ‘ഫൂല്‍ ഔര്‍ പത്തര്‍’ നിര്‍മാതാക്കള്‍ക്ക് ആശ്രയിക്കാവുന്ന താരമാക്കി. ഇതോടെ 1970 കളുടെ അവസാനം വരെ സ്ഥിരമായി ബോളിവുഡിലെ മുന്‍നിര നായകന്മാരില്‍ ഒരാളായി നിലനിന്നു. അനുപമ, ആദ്മി ഔര്‍ ഇന്‍സാന്‍, മേരാ ഗാവ് മേരെ ദേശ്, സീതാ ഔര്‍ ഗീതാ, ഷോലെ, ധരംവീര്‍ തുടങ്ങിയ ചിത്രങ്ങള്‍ ബോളിവുഡില്‍ ധര്‍മേന്ദ്രയുടെ സ്ഥാനം ഉറപ്പിച്ചു.
1980 കളില്‍ ആക്ഷന്‍ കഥാപാത്രങ്ങളിലേക്ക് വഴിമാറി. ഈ ചിത്രങ്ങള്‍ സാമ്പത്തികമായി വന്‍വിജയം നേടുകയും ചെയ്തു. 64 വര്‍ഷം നീണ്ടുനിന്ന ചലച്ചിത്രജീവിതത്തില്‍ 75 ഹിറ്റ് സിനിമകളില്‍ നായകനായി. ഹിന്ദി സിനിമയിലെ മറ്റൊരു നടനും ലഭിക്കാത്ത നേട്ടമാണിത്. ഇതൊരു റെക്കോര്‍ഡാണ്. അമിതാഭ് ബച്ചന്‍ (57), രാജേഷ് ഖന്ന (42), ഷാരൂഖ് ഖാന്‍ (35), സല്‍മാന്‍ ഖാന്‍ (38) തുടങ്ങിയവരാണ് ഇതിനു പിന്നില്‍ വരുന്നത്.
‘സൂപ്പര്‍സ്റ്റാര്‍’ആയില്ല
ധര്‍മേന്ദ്രയുടെ 75 ചിത്രങ്ങളില്‍ ആറ് ബ്ലോക്ക്ബസ്റ്ററുകളും ഏഴ് സൂപ്പര്‍ഹിറ്റുകളും ഉള്‍പ്പെടുന്നു. എങ്കിലും, ‘സൂപ്പര്‍സ്റ്റാര്‍’ എന്ന പദവി അദ്ദേഹത്തിന് ലഭിച്ചില്ല.
ധര്‍മേന്ദ്രയ്‌ക്ക് സൂപ്പര്‍സ്റ്റാര്‍ പദവി ലഭിക്കാതിരുന്നതിന് പിന്നില്‍ ചില കാരണങ്ങളുണ്ട്. ധര്‍മേന്ദ്ര തന്റെ സമകാലികരെയും പിന്‍തലമുറയെയും അപേക്ഷിച്ച് കൂടുതല്‍ ഹിറ്റുകള്‍ നല്‍കിയിട്ടുണ്ടെങ്കിലും, സിനിമാ വ്യവസായത്തിലെ ‘ഏറ്റവും വലിയ താരം’ എന്ന നിലയിലേക്ക് ഒരിക്കലും ഉയര്‍ന്നിരുന്നില്ല. ധര്‍മേന്ദ്ര അഭിനയം ജീവിതം ആരംഭിച്ചപ്പോള്‍ ‘സൂപ്പര്‍സ്റ്റാര്‍’ പദവി ദിലീപ് കുമാറിനായിരുന്നു. അത് കുറച്ചുകാലം രാജേഷ് ഖന്ന ഏറ്റെടുത്തു. 1970 കളില്‍ അമിതാഭ് ബച്ചന്‍ ആ പദവി സ്വന്തമാക്കി.
1980 കളില്‍ ധര്‍മേന്ദ്ര നല്‍കിയ ഒറ്റപ്പെട്ട ഹിറ്റുകള്‍ അളവിലും നിര്‍മ്മാണമൂല്യത്തിലും അമിതാഭ് ബച്ചന്‍, വിനോദ് ഖന്ന, ഋഷി കപൂര്‍ തുടങ്ങിയവരുടെ ചിത്രങ്ങളെ അപേക്ഷിച്ച് ചെറുതായിരുന്നു. വിജയശതമാനം കുറവായതിനാലാണ് ധര്‍മേന്ദ്രയുടെ ‘സൂപ്പര്‍സ്റ്റാര്‍’ പദവി തടഞ്ഞത്.
1990 കളില്‍ ധര്‍മേന്ദ്ര കുറഞ്ഞ ബജറ്റില്‍ നിര്‍മ്മിച്ച നിരവധി ആക്ഷന്‍ ചിത്രങ്ങളില്‍ അഭിനയിച്ചു. അതേസമയം, ഇത്തരത്തിലുളള രണ്ടാം നിര ആക്ഷന്‍ ചിത്രങ്ങളില്‍ അഭിനയിച്ചതില്‍ ഒരിക്കലും ഖേദിച്ചിട്ടില്ല. 1980 കളുടെ അവസാനം ഒരു ഇംഗ്‌ളീഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ധര്‍മേന്ദ്ര പറഞ്ഞത് ഇങ്ങനെയാണ്: ”ഞാന്‍ അന്‍പത് വയസ്സിനു മുകളിലാണെങ്കിലും ഇന്നും ഹെലികോപ്റ്ററില്‍ നിന്ന് ചാടുന്നു. അത് തന്നെ ഒരു നേട്ടമല്ലേ! എനിക്ക് സിനിമകളോട് ആഴത്തിലുള്ള പ്രണയമുണ്ട്. ചില ചിത്രങ്ങള്‍ വിജയിക്കില്ലെന്ന് അറിഞ്ഞാലും അതില്‍ മികച്ച പ്രകടനം കാഴ്ചവയ്‌ക്കാന്‍ ഞാന്‍ ശ്രമിക്കും. ഒരേ കഥയുള്ള എത്ര ചിത്രങ്ങള്‍ ഞാന്‍ ചെയ്യുന്നു, അതില്‍ ചിലത് വിജയിക്കുന്നു. ബാക്കിയുള്ളവ എങ്ങനെ ഉപേക്ഷിക്കും? ജനങ്ങള്‍ ഇന്നും എന്നെ ചാടിയും ഓടിയും വില്ലന്മാരെ തുരത്തിയും കാണാന്‍ ആഗ്രഹിക്കുന്നു. അവര്‍ സന്തുഷ്ടരാണെങ്കില്‍, അത് തുടരുന്നതില്‍ തെറ്റെന്തുണ്ട്?”
അവസാന ചിത്രം അടുത്തമാസം
1990 കളുടെ അവസാനം മുതിര്‍ന്ന കഥാപാത്രങ്ങളിലേക്കുള്ള ധര്‍മേന്ദ്രയുടെ തിരിച്ചുവരവ് ആരംഭിച്ചു. പുത്രന്മാരായ സണ്ണി ഡിയോള്‍, ബോബി ഡിയോള്‍ എന്നിവര്‍ നായകരായി ഉറച്ചുനിന്നതിനുശേഷമായിരുന്നു ഇത്. ഈ ഘട്ടത്തിലെ ആദ്യ പ്രധാന വേഷം പ്യാര്‍ കിയാ തോ ഡര്‍നാ ക്യാ എന്ന ചിത്രത്തിലായിരുന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ധര്‍മേന്ദ്ര പുത്രന്മാരോടൊപ്പം ഒരു പരമ്പരയിലും അഭിനയിച്ചു. എണ്‍പതുകളിലെത്തിയ ധര്‍മേന്ദ്ര റോക്കി ഔര്‍ റാനി കി പ്രേം കഹാനി, തേരി ബാത്തോം മേം ഐസാ ഉല്‍ഝാ ജിയാ എന്നീ രണ്ട് ചിത്രങ്ങളില്‍ അഭിനയിച്ചു. അടുത്ത മാസം റിലീസിനൊരുങ്ങുന്ന ശ്രീറാം റാഘവന്‍ സംവിധാനം ചെയ്ത ഇക്കിസ് എന്ന ചിത്രത്തിലും അദ്ദേഹം പ്രത്യക്ഷപ്പെടാനിരിക്കുകയായിരുന്നു.
















