കാലിഫോർണിയ: കാലിഫോർണിയയിലെ ഒരു കുടുബ പരിപാടിയിൽ വെടിവയ്‌പ്പ്. നാല് പേർ കൊല്ലപ്പെട്ടതായും 10 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. സ്റ്റോക്ക്ടണിലെ ഒരു സത്കാര പരിപാടിയിലായിരുന്നു ആക്രമണം. ഒരു കുഞ്ഞിന്റെ പിറന്നാൾ ആഘോഷവുമായി ബന്ധപ്പെട്ടാണ് കുടുംബാംഗങ്ങൾ ഒത്തുകൂടിയത്. ആക്രമിയെ പിടികൂടാൻ സാധിച്ചിട്ടില്ല. കൊല്ലപ്പെട്ടവരിൽ കുട്ടികളുമുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
പാർക്കിങ് പ്രദേശത്തിന് സമീപമുള്ള ഹാളിലാണ് വെടിവയ്‌പ്പ് നടന്നത്. ആസൂത്രിതമായ ആക്രമണമാകാമെന്ന് അധികൃതർ പറഞ്ഞു. ആരൊക്കെയാണ് കൊല്ലപ്പെട്ടതെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല. സംഭവത്തിൽ ഡിറ്റക്ടീവുകൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിക്കേറ്റ നിരവധി പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
















