കോഴിക്കോട്: അനാശാസ്യ കേസിൽ കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ചെന്ന ആരോപണത്തെ തുടർന്ന് വടകര ഡിവൈഎസ്.പി എ. ഉമേഷിനെ സസ്‌പെൻഡ് ചെയ്തു. ഉമേഷിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതിനെ തുടർന്ന് സംസ്ഥാന പൊലീസ് മേധാവിയാണ് നടപടി സ്വീകരിച്ചത്.
ചെർപ്പുളശ്ശേരി എസ്.എച്ച്.ഒ ആയിരുന്ന ബിനു തോമസ് കുറച്ച് ദിവസം മുമ്പ് ആത്മഹത്യ ചെയ്‌തിരുന്നു. അദ്ദേഹത്തിന്റെ ആത്മഹത്യക്കുറിപ്പിലായിരുന്നു ഉമേഷിനെതിരായ ഗുരുതര ആരോപണങ്ങൾ ഉൾപ്പെട്ടിരുന്നത്. 11 വർഷം മുമ്പ് വടക്കഞ്ചേരി പൊലീസ് സ്റ്റേഷനിൽ ഉമേഷ് സി.ഐ ആയിരിക്കെയാണ് ആരോപണത്തിന് ആധാരമായ സംഭവമുണ്ടായതെന്ന് ബിനു തോമസ് ആത്മഹത്യക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. അന്നത്തെ സ്റ്റേഷനിലെ എസ്.ഐ ബിനുതന്നെയായിരുന്നു.
ആത്മഹത്യക്കുറിപ്പിൽ ഉന്നയിച്ച പരാമർശങ്ങളെ തുടർന്ന് പാലക്കാട് ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്.പി അന്വേഷണം ആരംഭിച്ചു. കേസിൽ പ്രധാന പരാതി നൽകിയ യുവതിയുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി. ബിനു തോമസ് ആത്മഹത്യക്കുറിപ്പിൽ പറഞ്ഞ കാര്യങ്ങൾ ശരിയാണെന്നായിരുന്നു യുവതിയുടെ മൊഴി.











