കൊളംബോ: ശ്രീലങ്കയിൽ വീശിയടിച്ച ഡിറ്റ് വാ ചുഴലിക്കാറ്റിൽ സർവനാശം. മഴയിലും മണ്ണിടിച്ചിലിലും 80 പേർ മരിച്ചു. 23 പേരെ കാണാതായി. 12,313 കുടുംബങ്ങളിലെ 43,900 പേർ ദുരിതത്തിലാണെന്ന് അധികൃതർ അറിയിച്ചു. ഓഫിസുകളും വിദ്യാലയങ്ങളും അടഞ്ഞു കിടക്കുകയാണ്. ട്രെയിൻ സർവീസും റദ്ദാക്കി. മധ്യ പ്രവിശ്യാ നഗരമായ ഗംപോലയിൽ, റെയിൽവേ സ്റ്റേഷൻ വെള്ളത്തിലായി.
കനത്ത മഴയും ഇടിമിന്നലും ശക്തമായ കാറ്റും തുടരുമെന്നാണു കാലാവസ്ഥാ മുന്നറിയിപ്പ്. സഹായവുമായി ഇന്ത്യൻ കപ്പലുകൾ ശ്രീലങ്കൻ തീരത്ത് എത്തിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. രക്ഷാപ്രവർത്തനത്തിനായി വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിക്രാന്തും രംഗത്തുണ്ട്. ശനിയാഴ്ച രാത്രിയോടെ ഡിറ്റ് വാ ചുഴലിക്കാറ്റ് തമിഴ്നാട്ടിലേക്ക് എത്തും. ചുഴലിക്കാറ്റ് ചെന്നൈക്കു സമീപം കരതൊട്ടാൽ നഗരത്തിൽ അതിശക്തമായ മഴയ്‌ക്കാണ് സാധ്യത.
മണിക്കൂറിൽ 7 കിലോമീറ്റർ വേഗത്തിലാണ് നിലവിൽ സഞ്ചരിക്കുന്നത്. ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ സംസ്ഥാനത്ത് താപനില കുറഞ്ഞിട്ടുണ്ട്. പലയിടത്തും തണുത്തു മൂടിയ അന്തരീക്ഷമാണ്.
















