ഞാന്‍ പോരും വഴികണ്ടതാരെ,
യവരെല്ലാം നീ,വരും കാലവും
പോരും കണ്ണിന് കാണ്മതൊക്കെ
സുദൃഢം, നീ തന്നെ, ഞാന്‍തന്നെയും,
ദൂരെക്കേള്‍പ്പൊരു കൂജനം,
ഭജനവും നാവാലറിഞ്ഞുള്ളൊര-
സ്വാദും, ചൂട്, തണുപ്പ്, സ്പര്‍ശനമതും
നീ, ഗന്ധവും ബ്രഹ്‌മമേ
(മലമുകളിലേക്കുള്ള യാത്രയാണ്. ഒരു ലക്ഷ്യം മാത്രം, സ്വാമിദര്‍ശനം. മാര്‍ഗ്ഗത്തില്‍ കാണുന്നതെല്ലാം സ്വാമിയാകുന്നു. ആരെ കണ്ടുവോ അവരെല്ലാം അങ്ങുന്നാകുന്നു, ഈ യാത്രകഴിഞ്ഞാലും അങ്ങനെതന്നെയാകും, കാണുന്നതെല്ലാം സ്വാമിയാകും, അത് ഞാന്‍തന്നെയാണെന്നും അറിയും. അകലെ കേള്‍ക്കുന്ന പക്ഷിയുടെ കൂജനവും ആരുടെയോ കീര്‍ത്തനാലാപനവും രുചിക്കുന്നതെന്തും, സ്പര്‍ശനമെന്തും ചൂടും തണുപ്പും, അനുഭവിക്കുന്ന ഗന്ധംപോലും ബ്രഹ്‌മമേ നീതന്നെ ആകുന്നു. സര്‍വം ഖല്വിദം ബ്രഹ്‌മ എന്ന തിരിച്ചറിവാണ് സ്വാമീ ദര്‍ശനം. എല്ലാം ബ്രഹ്‌മമാണെന്ന അറിവും ആ ബ്രഹ്‌മംതന്നെയാണ് ഞാന്‍ എന്നും ഞാനും ബ്രഹ്‌മവും രണ്ടു ചൈതന്യമല്ലെന്ന അറിവും ഉള്‍ക്കൊള്ളാനുള്ളതാണ് മണ്ഡലകാല തീര്‍ത്ഥാടനം)















