തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ ന്യായീകരിച്ചും അതിജീവിതയെ അധിക്ഷേപിച്ചും യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. രാഹുലിനെതിരെ സിപിഎം ഉണ്ടാക്കിയ കെണിയാണെന്നും, അതിജീവിത സിപിഎമ്മിന് കിട്ടിയ ഇരയാണെന്നുമായിരുന്നു യുഡിഎഫ് കൺവീനറുടെ പ്രതികരണം.
ശബരിമല സ്വർണക്കൊള്ള കേസ് വഴിമാറ്റി വിടാനാണ് സിപിഎം ശ്രമിക്കുന്നത്. എല്ലാ തെരഞ്ഞെടുപ്പ് സമയത്തും കേസുകൾ ഉണ്ടാക്കിയെടുക്കുന്നത് സിപിഎമ്മിന്റെ ലക്ഷ്യമാണ്. ഇത്തരം ഇരകൾ എല്ലാകാലത്തും സിപിഎമ്മിന് ലഭ്യമാണ്. പഴയകാര്യങ്ങൾ എടുത്ത് നോക്കിയാൽ അത് മനസിലാകുമെന്നുംഅടൂർ പ്രകാശ് പറഞ്ഞു. മുഖ്യമന്ത്രിയുടെ വീട്ടിൽ ഇരയെ പറഞ്ഞുവിട്ടത് കഥ സൃഷ്ടിക്കാനാണെന്നും ഇരയെ മുതലാക്കുകയാണ് മാർക്സിസ്റ്റ് പാർട്ടിയെന്നും അടൂർ പ്രകാശ് ആക്ഷേപിച്ചു.
മാങ്കൂട്ടത്തിലിനെതിരെ പെൺകുട്ടി നൽകി പരാതി കളവാണോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അന്വേഷണം നടക്കട്ടെ എന്നായിരുന്നു മറുപടി.
രാഹുലിന്റെ പേരിലുള്ള കേസിൽ അന്വേഷണം നടത്തി വസ്തുത പുറത്തു കൊണ്ടുവരികയാണ് വേണ്ടത്. അല്ലാതെ ഇതിൽ പുകമറ സൃഷ്ടിക്കുന്നത് ശരിയായ രീതിയല്ല. പാർട്ടി നടപടിയെടുത്ത സ്ഥിതിക്ക് പുതിയ നടപടികളിലേക്ക് തൽക്കാലം കടക്കില്ല. കേസിന്റെ ഗതി അറിഞ്ഞശേഷം തുടർനടപടികൾ എടുക്കാമെന്നാണ് പൊതുധാരണ.
നിലവിൽ രാഹുലിനോട് എംഎൽഎ സ്ഥാനം രാജിവയ്‌ക്കാൻ ആവശ്യപ്പെടില്ല. അടുത്ത പൊതു തെരഞ്ഞെടുപ്പിൽ നിന്ന് മാറ്റി നിർത്തിയേക്കുമെന്നും അടൂർ പ്രകാശ് പറഞ്ഞു.
















