അമ്പലപ്പുഴ: സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങള്‍ ജലരേഖയായി, ജില്ലയില്‍ കര്‍ഷകരെ കണ്ണീരിലാഴ്‌ത്തി നെല്ല് സംഭരണം പാളുന്നു. സംഭരിച്ചാലുടന്‍ നെല്ലിന്റെ വില നല്‍കുമെന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. ഈ പ്രഖ്യാപനമാണ് കടലാസിലൊതുങ്ങിയത്. കര്‍ഷകര്‍ മാസങ്ങള്‍ നീണ്ട അധ്വാനത്തിനൊടുവില്‍ കൊയ്‌തെടുക്കുന്ന ആയിരക്കണക്കിന് ക്വിന്റല്‍ നെല്ല് മില്ലുടമകളുടെ പിടിവാശിയെത്തുടര്‍ന്ന് കെട്ടിക്കിടക്കുന്നതോടെ കോടികളുടെ നഷ്ടമാണ് സംഭവിക്കുന്നത്. എന്നിട്ടും മില്ലുടമകള്‍ക്കായി നിലകൊള്ളുകയാണ് ഉദ്യോഗസ്ഥര്‍.
ഒരു മാസം മുന്‍പ് പുന്നപ്രയില്‍ വെട്ടിക്കരി പാടശേഖരത്ത് കൊയ്‌ത്ത് പൂര്‍ത്തിയായി ആഴ്ചകള്‍ക്കു ശേഷമാണ് സംഭരണം നടന്നത്. സമാന ദുരവസ്ഥയാണ് ഇപ്പോള്‍ തകഴി കുന്നുമ്മയിലും കര്‍ഷകര്‍ അനുഭവിക്കുന്നത്.ഇവിടെ രണ്ടാഴ്ച മുന്‍പ് കൊയ്‌ത്ത് പൂര്‍ത്തിയായെങ്കിലും ഇതുവരെ സംഭരണം നടന്നില്ല. റോഡരികില്‍ കൂട്ടിയിട്ട ഒരു കോടിയില്‍പ്പരം രൂപയുടെ നെല്ല് മഴയില്‍ നശിക്കുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. മില്ലുടമകളുടെ താളത്തിനൊത്ത് ഉദ്യോഗസ്ഥര്‍ നില്‍ക്കുന്നതാണ് നെല്‍ കര്‍ഷകരെ കണ്ണീരിലാഴ്‌ത്തുന്നത്. ഈര്‍പ്പമില്ലാത്ത നല്ല നെല്ലിന് പോലും പത്തു കിലോയിലധികം കിഴിവാണ് മില്ലുടമകളുടെ ഏജന്റുമാര്‍ ആവശ്യപ്പെടുന്നത്.
ഇതിന് കുട പിടിക്കുന്ന സമീപനമാണ് പാഡി ഓഫീസര്‍മാരും സ്വീകരിക്കുന്നത്. കഴിഞ്ഞ തവണ രണ്ട് കിലോ കിഴിവ് നല്‍കിയ പാടശേഖരങ്ങളില്‍ നിന്ന് ഇത്തവണ ഏഴു കിലോ വരെ കിഴിവാണ് മില്ലുകാര്‍ ആവശ്യപ്പെടുന്നത്.കര്‍ഷകര്‍ക്കൊപ്പം ഇവരുടെ ദുരിതത്തിന് പരിഹാരം കാണാന്‍ കൂട്ടു നില്‍ക്കേണ്ട കൃഷി, സിവില്‍ സപ്‌ളൈസ് വകുപ്പുദ്യോഗസ്ഥര്‍ വന്‍ തുക കൈക്കൂലി വാങ്ങി ദ്രോഹിക്കുകയാണെന്നാണ് കര്‍ഷകരുടെ ആക്ഷേപം. കര്‍ഷകരില്‍ നിന്ന് കൂടുതല്‍ കിഴിവ് ഈടാക്കുന്നതനുസരിച്ച് പാഡി ഓഫീസര്‍മാര്‍ വന്‍ തുകയാണ് ഈടാക്കുന്നതെന്നും അവര്‍ ആരോപിക്കുന്നു.
സ്വര്‍ണം പണയം വെച്ചും പലിശക്ക് പണമെടുത്തുമാണ് ഭൂരിഭാഗം കര്‍ഷകരും കൃഷിക്കിറങ്ങുന്നത്. എന്നാല്‍ സംഭരണം വൈകുന്നതോടെ പണം ലഭിക്കാതെ വരുമ്പോള്‍ കര്‍ഷകര്‍ ആത്മഹത്യയുടെ വക്കിലെത്തുകയാണ്. സംഭരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ചവയെല്ലാം ജല രേഖയായി മാറി. മില്ലുടമകളുടെ ഏജന്റുമാരായി ഉദ്യോഗസ്ഥര്‍ മാറിയിട്ടും ഇത് കണ്ടില്ലെന്ന് നടിക്കുകയാണ് സര്‍ക്കാരും വിവിധ വകുപ്പുകളും.
















