ഇസ്ലാമാബാദ്: പാകിസ്ഥാനിലെ കുപ്രസിദ്ധ ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബ വീണ്ടും തങ്ങളുടെ ശൃംഖല വികസിപ്പിക്കുന്നതായി റിപ്പോർട്ട്. 26/11 മുംബൈ ആക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയീദിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും തൊഴിലാളികൾക്കും വേണ്ടി അവർ പ്രത്യേക സംഘടനകൾ രൂപീകരിച്ചിട്ടുണ്ട്. ഹാഫിസ് സയീദിന്റെ മകൻ തൽഹ സയീദിന്റെ സമീപകാല വീഡിയോ ഇത് വെളിപ്പെടുത്തുന്നുണ്ട്.
ഇന്ത്യയിൽ വലിയ തോതിലുള്ള ഭീകരാക്രമണങ്ങളിൽ ലഷ്‌കർ-ഇ-തൊയ്ബയ്‌ക്ക് പങ്കുണ്ട്. ഈ ഭീകര സംഘടനയെയും അതിന്റെ നേതാവ് ഹാഫിസ് സയീദിനെയും ഐക്യരാഷ്‌ട്രസഭ പോലും നിരോധിച്ചിട്ടുണ്ട്. അത്തരമൊരു സാഹചര്യത്തിൽ ഈ ഭീകര സംഘടന വ്യാജ പേരുകളിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
പ്രധാനമായും ആഗോളതലത്തിലുള്ള പരിശോധനകൾ ഒഴിവാക്കാൻ ലഷ്‌കർ-ഇ-തൊയ്ബ അതിന്റെ രാഷ്‌ട്രീയ വിഭാഗമായ പാകിസ്ഥാൻ മർകാസി മുസ്ലീം ലീഗിനെ (പിഎംഎംഎൽ) ഒരു രാഷ്‌ട്രീയ മുന്നണിയായിട്ടാണ് ഉപയോഗിക്കുന്നത്. പുറത്തുനിന്നുള്ളവർക്ക് ഇത് ലഷ്‌കർ-ഇ-തൊയ്ബയുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു രാഷ്‌ട്രീയ പാർട്ടിയാണെന്ന് തോന്നുകയും ചെയ്യും. ഇതൊക്കെയാണെങ്കിലും നിരവധി പ്രമുഖ ലഷ്‌കർ-ഇ-തൊയ്ബ തീവ്രവാദികൾ പിഎംഎംഎൽ റാലികളിൽ പങ്കെടുക്കുന്നതായി കാണാം.
ഇപ്പോൾ ലഷ്‌കർ തങ്ങളുടെ ശൃംഖല വികസിപ്പിക്കാനും നിരീക്ഷണ ഏജൻസികളുടെ ശ്രദ്ധയിൽപ്പെടാതിരിക്കാനും മറ്റൊരു പുതിയ തന്ത്രം സ്വീകരിച്ചിരിക്കുന്നുണ്ട്. മർകാസി മുസ്ലീം ലീഗിന്റെ മറവിൽ സൃഷ്ടിക്കപ്പെട്ട സോഷ്യൽ മീഡിയ പേജുകളിലൂടെ പാകിസ്ഥാനിലുടനീളം ലഷ്‌കർ-ഇ-തൊയ്ബയുടെ അടിസ്ഥാന ശൃംഖല കെട്ടിപ്പടുക്കുന്നുണ്ടെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. മുസ്ലീം സ്റ്റുഡന്റ് ലീഗ്, മുസ്ലീം യൂത്ത് ലീഗ്, മുസ്ലീം വനിതാ ലീഗ്, മുസ്ലീം ഗേൾസ് ലീഗ്, മുസ്ലീം കിഡ്‌സ് തുടങ്ങിയ ഗ്രൂപ്പുകൾ ഇതിൽ ഉൾപ്പെടുന്നു. രാഷ്‌ട്രീയ സ്വാധീനവും പ്രത്യയശാസ്ത്രവും പ്രോത്സാഹിപ്പിക്കുന്നതിലൂടെ ലഷ്‌കർ-ഇ-തൊയ്ബയുടെ വിപുലീകരണ തന്ത്രത്തിന് ഈ സോഷ്യൽ മീഡിയ പേജുകൾ സഹായകമാകുന്നുണ്ട്. ഇത് ധാരാളം പാകിസ്ഥാൻ യുവാക്കളെ ലഷ്‌കറുമായി ബന്ധപ്പെടാൻ പ്രേരിപ്പിക്കുന്നുവെന്നും ചാനൽ വ്യക്തമാക്കുന്നു.
കൂടാതെ ലഷ്‌കർ-ഇ-തൊയ്ബയുടെ ഉന്നത നേതാക്കൾ ഒരു രാഷ്‌ട്രീയ പാർട്ടിയുടെ മറവിൽ പാകിസ്ഥാനിലുടനീളം റാലികൾ നടത്തുന്നുമുണ്ട്. ഹാഫിസ് സയീദിന്റെ മകൻ തൽഹ സയീദ്, സൈഫുള്ള ഖാലിദ്, ഹാഫിസ് അബ്ദുൾ റൗഫ്, ഫൈസൽ നദീം, ഫയാസ് അഹമ്മദ്, മുസമ്മിൽ ഇഖ്ബാൽ, മുഹമ്മദ് ഹാരിസ് ദാർ, ഖാരി മുഹമ്മദ് യാക്കൂബ് എന്നിവർ ഇതിൽ ഉൾപ്പെടുന്നു. ഈ തീവ്രവാദികളെല്ലാം യുവാക്കളെ ഇന്ത്യയ്‌ക്കെതിരെ പ്രേരിപ്പിക്കുകയാണ്. മാത്രമല്ല അവർ തങ്ങളുടെ തീവ്രവാദ പദ്ധതികൾക്കായി പാകിസ്ഥാനിൽ ഫണ്ട് സ്വരൂപിക്കുകയും ചെയ്യുന്നുവെന്നും ചാനൽ റിപ്പോർട്ട് ചെയ്യുന്നു.
















