ബെംഗളൂരു: മകൻ ബൈക്കഭ്യാസം നടത്തിയതിന്റെ പേരിൽ അച്ഛന് 25,000 രൂപ പിഴ ഇട്ട് കോടതി. ബെംഗളൂരുവിലെ രാജാജി നഗർ വെസ്റ്റ് ഓഫ് കോഡ് റോഡിൽ മാർച്ച് 27-ന് രാത്രിയിലാണ് കേസിന് ആസ്പദമായ സംഭവംനടന്നത്. 17-കാരൻ അമിതവേഗത്തിൽ ബൈക്ക് ഓടിക്കുകയും ഒരുചക്രത്തിൽ ഉയർത്തുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തിരുന്നു.
തുടർന്ന് കേസെടുത്ത ട്രാഫിക് പോലീസ് ബൈക്കിന്റെ ആർസി നമ്പർ കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തിലാണ് ശേഷാദ്രിപുരത്ത് താമസിക്കുന്ന ശക്തിവേലുവിന്റെ പേരിലാണ് ബൈക്ക് എന്ന് കണ്ടെത്തിയത്. വിദ്യാർഥിയുടെ അച്ഛൻ ഗോവിന്ദരാജിന്റെ സ്ഥാപനത്തിൽ ജോലി ചെയ്യുന്നയാളായിരുന്നു ശക്തിവേലു. ഇയാളുടെ രേഖകൾ ഉപയോഗിച്ച് ഗോവിന്ദരാജ് വാങ്ങിയതാണ് ബൈക്ക് എന്നും കണ്ടെത്തി. കഴിഞ്ഞദിവസം ഗോവിന്ദരാജ് കോടതിയിൽ ഹാജരായി പിഴ അടച്ചു.













