തിരുവനന്തപുരം : സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ പ്രക്രിയയില്‍ (എസ് ഐ ആര്‍) വിദ്യാര്‍ത്ഥികള്‍ സ്വമേധയാ ആയിരിക്കും പങ്കാളികളാകുന്നതെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ അനു കുമാരി. ഇതിനായി ആരെയും നിര്‍ബന്ധിക്കില്ല.
വിദ്യാര്‍ത്ഥികളുടെ പഠനം തടസപ്പെടുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത് സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍. പരീക്ഷയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഒഴിവാകാമെന്ന് കളക്ടര്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ പഠനത്തെ ബാധിക്കരുതെന്ന് വിദ്യാഭ്യാസമന്ത്രി തന്നോട് നേരിട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
തങ്ങളുടെ മിക്ക വളണ്ടിയര്‍മാരും കോളേജ് വിദ്യാര്‍ത്ഥികളാണ്. രണ്ടാം വര്‍ഷ, മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷകള്‍ ഉള്ളതിനാല്‍ പ്രധാനമായും ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളാണ് മുന്നോട്ട് വരുന്നത്. പരീക്ഷയുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒഴിവാകാം. വീടുകള്‍ തോറും കയറിയിറങ്ങി പ്രവര്‍ത്തിക്കുന്നത് ബിഎല്‍ഒ മാരാണ്. വളണ്ടിയര്‍മാര്‍ മാപ്പിംഗിലും ഡിജിറ്റലൈസേഷനിലുമാണ് സഹായിക്കുന്നതെന്ന് കളക്ടര്‍ വ്യക്തമാക്കി.
















