കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എന്‍ വാസുവിന് കൈവിലങ്ങ് വെച്ചത് അനുവാദത്തോടെയാണെന്ന് അഞ്ച് പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴി. എന്‍. വാസുവിനെ കൈവിലങ്ങ് അണിയിച്ച് കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയത് വിവാദമായ പശ്ചാത്തലത്തിലാണ് പൊലീസ് ഉദ്യോഗസ്ഥരുടെ ഈ മൊഴി.
സംഭവം വിവാദമായതോടെ ഇക്കാര്യം ഏആര്‍ കമാന്‍റന്‍റ് അന്വേഷിച്ചുവരികയാണ്. ഇവര്‍ക്ക് മുന്‍പാകെയാണ് എആര്‍ ക്യാമ്പിലെ ഒരു എസ് ഐയും നാല് പൊലീസുകാരും ഇത് സംബന്ധിച്ച് മൊഴി നല്‍കിയത്. ഇവരാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും വാസുവിനെ കൈവിലങ്ങ് അണിയിച്ച് കൊല്ലത്തെ വിജിലന്‍സ് കോടതിയില്‍ കൊണ്ടുപോയത്.
കയ്യില്‍ വിലങ്ങ് വെയ്‌ക്കുന്ന കാര്യം വാസുവിനെ അറിയിച്ചിരുന്നുവെന്നും വാസുവിന്റെ അനുമതിയോടെയാണ് വിലങ്ങണിയിച്ചതെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അപമാനിക്കുക എന്ന ഉദ്ദേശ്യത്തോടെ ചെയ്തതല്ലെന്നും പ്രതികളെ കോടതിയില്‍ കൊണ്ടുപോകുമ്പോള്‍ പാലിക്കേണ്ട കീഴ്വഴക്കം പാലിക്കുക മാത്രമാണ് ചെയ്തതെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.
ഭാരതീയ ന്യായ സംഹിത പ്രകാരം ഏതൊക്കെ പ്രതികളെ കൈവിലങ്ങ് അണിയിക്കാമെന്ന് വിശദീകരിച്ചിട്ടുണ്ട്. അതിന് എതിരായാണ് വാസുവിനെ കൈവിലങ്ങ് അണിയിച്ചതെന്നാണ് സ്പെഷ്യല്‍ ബ്രാഞ്ച് ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്. നേരത്തെ ഡിജിപി ഇക്കാര്യത്തില്‍ എഡിജിപി വെങ്കിടേഷിനോട് തന്റെ അതൃപ്തി ഇക്കാര്യത്തില്‍ അറിയിച്ചിരുന്നു. പൊലീസിനെ ആക്രമിക്കാനോ ഓടി രക്ഷപ്പെടാനോ സാധ്യതയില്ലാത്ത പ്രതിയെ വിലങ്ങണിയിക്കരുതെന്നതാണ് പൊതുച്ചട്ടം. ഇത് പാലിച്ചില്ലെന്നതാണ് പൊലീസുകാര്‍ക്കെതിരായ ആക്ഷേപം.തിരുവിതാംകൂര്‍ ദേവസ്വം കമ്മീഷണര്‍,ദേവസ്വം പ്രസിഡന്‍റ് എന്നീ ഉന്നതപദവികള്‍ വഹിച്ച വ്യക്തിയാണ് എന്‍.വാസു. അതിനാല്‍ അതിന്റെ ഒരു ബഹുമാനം നല്‍കണമായിരുന്നു എന്നതാണ് പൊതുവികാരം.കയ്യാമം വെച്ച പൊലീസുകാര്‍ വാസുവിന്റെ പ്രായവും പരിഗണിച്ചില്ല എന്ന അഭിപ്രായവും ഉയരുന്നു.
എന്നാല്‍ സ്വര്‍ണ്ണക്കൊള്ളക്കേസില്‍ പ്രതിയല്ലേ,അതിനാലല്ലേ അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. അതുകൊണ്ട് തന്നെ കയ്യാമം വെച്ചുകൂടേ എന്ന മറുചോദ്യവും ഉയരുന്നുണ്ട്. പക്ഷെ പ്രതിയാണെങ്കിലും അദ്ദേഹം ഇരുന്ന പൂര്‍വ്വപദവികളെ ബഹുമാനിക്കണം എന്നതാണ് പൊതുവായി പാലിക്കുന്ന കീഴ്വഴക്കം.
















