ന്യൂദൽഹി: ഇലക്ട്രിക് വാഹനങ്ങളിലും പ്രതിരോധായുധ നിർമ്മാണത്തിലും ഏറെ പ്രധാനമായ റെയർ എർത്ത് പെർമനൻ്റ് മാഗ്നറ്റുകളുടെ (അപൂർവ-ഭൂമി സ്ഥിര കാന്തങ്ങളുടെ- ആർപിഇഎം) നിർമ്മാണത്തിന് 7280 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ ‘സിന്റർ ചെയ്ത അപൂർവ ഭൂമി സ്ഥിര കാന്തങ്ങളുടെ നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതി’ അംഗീകരിച്ചു. സ്വാശ്രയത്വം വർദ്ധിപ്പിക്കുന്നതിനും ആഗോള ആർപിഇഎം വിപണിയിൽ ഭാരതം ഒരു പ്രധാന പങ്കാളിയായി മാറാൻ വഴിയൊരുക്കുന്നതാണ് ഈ തീരുമാനം. ഭാരത സർക്കാരിന്റെ ഇത്തരത്തിലുള്ള ആദ്യ സംരംഭമാണിത്.
ഇലക്ട്രിക് വാഹനങ്ങൾ, എയ്‌റോസ്‌പേസ്, ഇലക്ട്രോണിക്‌സ്, മെഡിക്കൽ ഉപകരണങ്ങൾ, പ്രതിരോധം എന്നിവയുൾപ്പെടെയുള്ള പ്രധാന വ്യവസായങ്ങളിൽ അപൂർവമായ ഭൂമി കാന്തങ്ങൾ ഉപയോഗിക്കുന്നുണ്ട്. ഇപ്പോൾ ഇറക്കുമതി ചെയ്യുന്ന ഈ ആർപിഇഎം സ്വന്തം നിലയ്‌ക്ക് നിർമ്മിക്കാനാകുന്നത് വ്യാവസായിക – സാമ്പത്തിക മേഖലയിൽ വൻ കുതിപ്പിന് സഹായകമാകും.
















