റായ്‌പൂര്‍: ഛത്തീസ്ഗഢിലെ സുക്മയില്‍ 15 മാവോയിസ്റ്റുകള്‍ കൂടി കീഴടങ്ങി. ഇവരുടെ എല്ലാവരുടെയും കൂടി തലയ്‌ക്ക് 48 ലക്ഷം രൂപയാണ് സുരക്ഷാ സേനകള്‍ വിലയിട്ടിരുന്നത്. കമാന്‍ഡര്‍ മാധ്‌വി ഹിഡ്മ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതോടെ പിടിച്ചുനില്‍ക്കാന്‍ വഴിയില്ലാതായ ഇയാളുടെ സംഘത്തില്‍ പെട്ട 15 പേര്‍ സുക്മ പോലീസ് ആസ്ഥാനത്ത് എസ്പി കിരണ്‍ ചവാനു മുന്‍പില്‍ കീഴടങ്ങുകയായിരുന്നു.
അഞ്ച് സ്ത്രീകളും പത്തു പുരുഷന്മാരുമാണ് സംഘത്തിലുള്ളത്. മാവോയിസ്റ്റുകളിലെ അതിഭീകരസംഘടനയെന്ന് കരുതുന്ന പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മി ബറ്റാലിയനിലെ മാധ്‌വി സന്ന, സോദി ഹിദ്‌മെ, സൂര്യം (റവ്വ സോമ), മീന (മാധ്‌വി ഭീമ) എന്നിവരും കീഴടങ്ങിയവരിലുണ്ട്. ഇവരുടെ ഒരോരുത്തരുടെയും തലയ്‌ക്ക് എട്ടു ലക്ഷം രൂപ വീതമാണ് ഇനാം പ്രഖ്യാപിച്ചിരുന്നത്. തലയ്‌ക്ക് അഞ്ചു ലക്ഷം വീതം വിലയിട്ടിരുന്ന ഏരിയാ കമ്മിറ്റിയംഗം സുനിത (ഖുറാം ഹുങ്കി) മഡ്കം പാണ്ഡു, മൂന്നു ലക്ഷം വിലയുള്ള കുഞ്ഞം സിങ്ക എന്നിവരും ഇതിലുള്‍പ്പെടുന്നു. ബാക്കി എട്ടു പേര്‍ വില്ലേജ് യൂണിറ്റിലെ അംഗങ്ങളാണ്.
ഹിഡ്മയെ വധിച്ചതോടെ നേതാക്കളില്ലാതെയായതിനാലാണ് ഇവരുടെ കീഴടങ്ങലെന്ന് എസ്പി ചവാന്‍ പറഞ്ഞു. മാവോയിസ്റ്റ് ശക്തികേന്ദ്രങ്ങളിലേക്ക് സുരക്ഷാ സേനയുടെ താവളങ്ങള്‍ വിപുലീകരിച്ചതും കീഴടങ്ങുന്ന നക്‌സലുകള്‍ക്ക് ആകര്‍ഷമായ പുനരധിവാസ പാക്കേജുകള്‍ ഛത്തീസ്ഗഢ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചതുമാണ് മറ്റു പ്രധാനകാരണങ്ങള്‍. സംഘടനക്കുള്ളിലെ അടിച്ചമര്‍ത്തലുകളും ഒളിവിലുള്ള ഉന്നതരുടെ നിര്‍ദ്ദേശങ്ങളും കാരണം തങ്ങള്‍ പൊറുതിമുട്ടിയെന്നും കീഴടങ്ങിയവര്‍ പറഞ്ഞതായി ചവാന്‍ വെളിപ്പെടുത്തി. തങ്ങള്‍ പ്രതിനിധീകരിക്കുന്നുവെന്നു പറയുന്ന ഗ്രാമീണരോട് സംഘടന കാണിക്കുന്ന പൈശാചികതയിലും മനംമടുത്തുവെന്ന് അവര്‍ പറഞ്ഞു.
കീഴടങ്ങിയ 15 പേര്‍ക്കും അടിയന്തരമായി 50,000 രൂപ വീതം നല്‍കി. മറ്റുള്ള മാവോയിസ്റ്റുകളോടും കീഴടങ്ങാന്‍ എസ്പി അഭ്യര്‍ഥിച്ചു. തോക്കിന്റെ പാതയിലൂടെ ആര്‍ക്കും ഭാവി ജീവിതം കെട്ടിപ്പടുക്കാനാവില്ല. കീഴടങ്ങുന്നവരെ അന്തസാര്‍ന്ന രീതിയില്‍ പുനരധിവസിപ്പിക്കും. സര്‍ക്കാരിന്റെ സകല ക്ഷേമപദ്ധതികളിലും അവരെ ചേര്‍ക്കും. അന്തസോടെ അവര്‍ക്ക് സമൂഹത്തില്‍ ജീവിക്കാന്‍ വഴിയൊരുക്കും. ബസ്തര്‍ മേഖലയിലെ കൂടുതല്‍ മാവോയിസ്റ്റുകള്‍ കീഴടങ്ങാന്‍ സന്നദ്ധരായി ബന്ധപ്പെടുന്നുണ്ടെന്നും പോലീസ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.
15 പേര്‍ കൂടി കീഴടങ്ങിയതോടെ ഈ വര്‍ഷം കീഴടങ്ങി മുഖ്യധാരയില്‍ ചേര്‍ന്ന മാവോയിസ്റ്റുകളുടെ എണ്ണം 650 ആയി.
















