മുംബൈ: മുംബൈയിലെ ചെമ്പൂരിൽ സ്ഥിതി ചെയ്യുന്ന ഒരു കാളീക്ഷേത്രത്തിൽ വിഗ്രഹത്തിന് രൂപമാറ്റം വരുത്തി ക്രിസ്ത്യൻ വിശ്വാസത്തിലെ മാതാവിനോട് സാമ്യമുള്ള രൂപത്തിലാക്കിയ സംഭവം വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചത്. ഭക്തർ വൈകാരികമായി പ്രതികരിച്ചതോടെ സംഭവത്തിൽ ക്ഷേത്രത്തിലെ പൂജാരിയെ പോലീസ് അറസ്റ്റ് ചെയ്യുകയും വിശദമായ അന്വേഷണം ആരംഭിക്കുകയും ചെയ്തു.സംഭവത്തിൽ, പരാതിയെ തുടർന്ന് നടപടിയെടുത്ത പോലീസ് വിഗ്രഹം അതിന്റെ യഥാർത്ഥ രൂപത്തിലേക്ക് പുനഃസ്ഥാപിച്ചു.
പരമ്പരാഗതമായി കറുപ്പ് അല്ലെങ്കിൽ കടുംനീല നിറത്തിൽ കാണുന്ന കാളിദേവിയുടെ വിഗ്രഹത്തിന്, പൂർണ്ണമായും വെള്ള പെയിൻ്റ് അടിച്ചാണ് രൂപമാറ്റം വരുത്തിയത്.കൂടാതെ, വിഗ്രഹത്തിന് സ്വർണ്ണ നിറത്തിലുള്ള വസ്ത്രങ്ങൾ അണിയിക്കുകയും, വെള്ള അലങ്കാരങ്ങളോടു കൂടിയ വലിയ കിരീടം ധരിപ്പിക്കുകയും ചെയ്തു. ഈ കിരീടത്തിന്റെ മുകളിൽ ഒരു സ്വർണ്ണ കുരിശും സ്ഥാപിച്ചിരുന്നു. ഇതിനെല്ലാമുപരി, വിഗ്രഹം ഉണ്ണിയേശുവിന്റെ രൂപം കൈയിൽ പിടിച്ചിരുന്നു.
കൂടാതെ, ശ്രീകോവിലിന്റെ പശ്ചാത്തലവും പൂജാരി മാറ്റിയിരുന്നു. ഒരു വലിയ സ്വർണ്ണ കുരിശ് ആലേഖനം ചെയ്ത ചുവന്ന തുണിയാണ് പശ്ചാത്തലത്തിനായി ഉപയോഗിച്ചത്. ഇരുവശത്തും പ്രത്യേക അലങ്കാര ലൈറ്റുകളും വെച്ചിരുന്നു.കഴിഞ്ഞ ശനിയാഴ്ചയാണ് അനിക് വില്ലേജിലെ ഹിന്ദു ശ്മശാനത്തിനുള്ളിലുള്ള കാളീക്ഷേത്രത്തിൽ ഈ രൂപമാറ്റം ശ്രദ്ധയിൽപ്പെട്ടത്.
ഇത്തരത്തിൽ വിഗ്രഹത്തിന്റെ രൂപവും ഭാവവും മാറ്റം വരുത്തിയ നടപടി ശ്രദ്ധയിൽപ്പെട്ടതോടെ ഭക്തർ ശക്തമായി പ്രതിഷേധിക്കുകയും പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന്, ക്ഷേത്ര പൂജാരിയെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ മറ്റെന്തെങ്കിലും ഗൂഢലക്ഷ്യമുണ്ടോയെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.
















