തിരുവല്ല: ശബരിമല സ്വര്‍ണക്കൊള്ളയിലെ എട്ടാം പ്രതിയും മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായ എ. പത്മകുമാറിനെ സംരക്ഷിച്ച് സിപിഎം. ഇന്നലെ ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റില്‍ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നേരിട്ട് ഇടപെട്ടാണ് പത്മകുമാറിനെതിരെ തല്‍ക്കാലം നടപടിവേണ്ടെന്ന തീരുമാനം എടുപ്പിച്ചത്. അറസ്റ്റിലാകുന്നതിന് മുമ്പ് ഭീഷണി സ്വരത്തില്‍ പത്മകുമാര്‍ നടത്തിയ പരാമര്‍ശങ്ങളാണ് സിപിഎമ്മിനെ ഭയപ്പെടുത്തുന്നത്. അറസ്റ്റിലായെങ്കിലും കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലെന്ന സാങ്കേതിക ന്യായം നിരത്തിയാണ് പത്മകുമാറിനെ സിപിഎം സംരക്ഷിക്കുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളില്‍ എത്തുന്നവര്‍ ഈ വിഷയത്തില്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്ന കാര്യം ഒരംഗം യോഗത്തില്‍ ഉയര്‍ത്തി. എന്നാല്‍ ഇത്തരം ചോദ്യങ്ങളെ അവഗണിക്കുകയേ വഴിയുള്ളൂ എന്നാണ് എം.വി. ഗോവിന്ദന്‍ പറഞ്ഞത്. പിന്നീട് ആരും വിഷയം ഉന്നയിച്ചില്ല. ഇപ്പോള്‍ നടപടി എടുത്താല്‍ പത്മകുമാറിന്റെ പ്രതികരണം എന്താകുമെന്നതില്‍ പാര്‍ട്ടി ഉന്നതര്‍ക്കെല്ലാം ഭയമുണ്ട്.
സ്വര്‍ണക്കൊള്ളയില്‍ മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെ വെട്ടിലാക്കുന്ന മൊഴി എസ്‌ഐടിക്കു പത്മകുമാര്‍ കൊടുക്കാനും സാധ്യതയുണ്ട്. അതിനാലാണ് എം.വി. ഗോവിന്ദന്‍ ഇടപെട്ട് ഈ വിഷയത്തില്‍ ചര്‍ച്ച ഒഴിവാക്കിയത്.
ചേര്‍ന്നത് തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗമാണെന്നും പത്മകുമാര്‍ വിഷയം ചര്‍ച്ചയായില്ലെന്നും എം.വി. ഗോവിന്ദന്‍ വ്യക്തമാക്കി. അയ്യപ്പന്റെ ഒരുതരി പൊന്നു പോലും നഷ്ടമാകില്ല. സ്വര്‍ണക്കൊള്ളയില്‍ സിപിഎമ്മില്‍ ആര്‍ക്കെങ്കിലും പങ്കുണ്ടെങ്കില്‍ പാര്‍ട്ടി നടപടി ഉണ്ടാകും. കുറ്റപത്രം സമര്‍പ്പിച്ച ശേഷം പാര്‍ട്ടി നടപടി ആലോചിക്കാമെന്നും ഗോവിന്ദന്‍ പറഞ്ഞു.
















