തിരുവനന്തപുരം: തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനുള്ള പോസ്റ്റല്‍ ബാലറ്റ് പേപ്പറുകളുടെയും വോട്ടിംഗ് യന്ത്രങ്ങളില്‍ പതിപ്പിക്കുന്ന ബാലറ്റ് ലേബലുകളുടെയും അച്ചടി ആരംഭിച്ചു.
ഗ്രാമപഞ്ചായത്തുകള്‍, മുന്‍സിപ്പാലിറ്റികള്‍, കോര്‍പറേഷനുകള്‍ എന്നിവിടങ്ങളില്‍ വെള്ള നിറത്തിലും, ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് പിങ്ക് നിറത്തിലും, ജില്ലാ പഞ്ചായത്തുകളിലേക്ക് ആകാശനീല നിറത്തിലുമാണ് ബാലറ്റ് പേപ്പറുകളും ബാലറ്റ് ലേബലുകളും അച്ചടിക്കുന്നത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളില്‍ ഭാഷാന്യൂനപക്ഷ വോട്ടര്‍മാരുളള വാര്‍ഡുകളില്‍ മലയാളത്തിന് പുറമേ തമിഴിലും, കാസര്‍ഗോഡ് ജില്ലയിലെ ഭാഷാന്യൂനപക്ഷ വോട്ടര്‍മാരുളള വാര്‍ഡുകളില്‍ കന്നഡ ഭാഷയിലും സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ ഉള്‍പ്പെടുത്തും. തിരുവനന്തപുരം കോര്‍പറേഷനിലെ വലിയശാല, കരമന വാര്‍ഡുകളില്‍ തമിഴിലും കാസര്‍കോട് മുന്‍സിപ്പാലിറ്റിയിലെ 18 വാര്‍ഡുകളില്‍ കന്നഡയിലുമാണ് വിവരങ്ങള്‍ ഉള്‍പ്പെടുത്തുക.
കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ, ആര്യന്‍കാവ് ഗ്രാമപഞ്ചായത്തുകളിലായി 5 വീതം വാര്‍ഡുകളിലും, പത്തനംതിട്ട സീതത്തോട് ഗ്രാമപഞ്ചായത്തിലെ ഗവി വാര്‍ഡിലും മലയാലപ്പുഴ ഗ്രാമപഞ്ചായത്തിലെ രണ്ട് വാര്‍ഡുകളിലും ഇടുക്കിയിലെ 22 ഗ്രാമ പഞ്ചായത്തുകളിലായി 229 വാര്‍ഡുകളിലും, പാലക്കാട് ആറ് ഗ്രാമപഞ്ചായത്തുകളിലായി 93 വാര്‍ഡുകളിലും, വയനാട് തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ കൈതക്കൊല്ലി വാര്‍ഡിലും തമിഴ് ഭാഷയില്‍ കൂടി വിവരങ്ങള്‍ ബാലറ്റ് ലേബലിലും, ബാലറ്റ് പേപ്പറിലും ഉണ്ടാകും. കാസര്‍ഗോഡ് ജില്ലയിലെ 18 ഗ്രാമപഞ്ചായത്തുകളിലായി 283 വാര്‍ഡുകളിലെ ബാലറ്റ് ലേബലിലും, ബാലറ്റ് പേപ്പറിലും കന്നഡ ഭാഷയില്‍ കൂടി അച്ചടിക്കും.
















