തന്നത്താനെ ചുമന്ന് കര്‍മ്മവഴിയില്‍
ചേര്‍ത്തോരു പുണ്യം തഥാ
തന്നൊപ്പം സ്വയമേവ വന്നു കനമായ്
ചേര്‍ന്നോരു പാപങ്ങളും
പോന്നൊന്നായിരുഭാഗമാക്കി
ശിരസില്‍ താങ്ങിക്കുനിഞ്ഞിന്നിവര്‍
വന്നെത്തുന്നു നടയ്‌ക്കലപ്പൊളവിടെ
കാണുന്നു തത് ത്വം അസി.
(പുണ്യപാപച്ചുമടുകളാമിരുമുടിക്കെട്ട് എന്നാണ് സങ്കല്‍പ്പം. അതില്‍ പുണ്യം ബോധപൂര്‍വ്വം ചെയ്യുന്ന പ്രവൃത്തികളുടെ ഫലമാണ്. പാപം അറിയാതെ, പ്രവൃത്തികള്‍ക്കൊപ്പം വന്നുകൂടിയേക്കാവുന്നതും. ആ ഇരുഭാരങ്ങളും സ്വയം തലയില്‍ ഇരുഭാഗത്തേക്കാക്കി ചുമന്ന് അയ്യനെ വണങ്ങിക്കുനിഞ്ഞ് തിരുനടയില്‍ എത്തുമ്പോള്‍ അവിടെ കാണുന്നത് ഇങ്ങനെയാണ്- അത് നീ ആകുന്നു. പുണ്യപാപങ്ങള്‍ക്ക് കാരണമായ ഏതുകര്‍മ്മവും സര്‍വേശ്വരനുസമര്‍പ്പിച്ച് സര്‍വ്വം ഇശ്വരോന്മുഖമായി ഒന്നും എന്റേതും എനിക്കുമാത്രവുമുള്ളത് എന്ന തോന്നല്‍ ഇല്ലാതെ സമര്‍പ്പിതമായി ചെയ്യുമ്പോള്‍ ആബോധമുണ്ടാകും, തത്ത്വമസിബോധം എന്നാണ് ശ്ലോക സങ്കല്‍പ്പം)















