ന്യൂദല്‍ഹി : അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് വിദേശകാര്യ മന്ത്രാലയം.ചൈന എത്ര നിരാകരിച്ചാലും ഈ യാഥാര്‍ത്ഥ്യം മാറില്ല.
അരുണാചല്‍ പ്രദേശ് സ്വദേശിനിയായ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുളള ബ്രിട്ടനില്‍ താമസിക്കുന്ന
യുവതിയെ ചൈന തടഞ്ഞുവച്ച സംഭവത്തില്‍ ഇതുവരെയും കൃത്യമായി വിശദീകരണം ലഭിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മറ്റ് രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് 24 മണിക്കൂര്‍ വരെ വിസ വേണ്ടെന്ന സ്വന്തം ചട്ടം ചൈന തന്നെ ലംഘിക്കുകയാണ്.
ഇന്ത്യന്‍ യുവതിക്ക് സാധുവായ യാത്രാ രേഖകള്‍ ഉണ്ടായിരുന്നു.ജപ്പാനിലേക്കുളള യാത്രാമധ്യേ ഷാങ്ഹായ് വിമാനത്താവളത്തില്‍ വിമാനം മാറി കയറാന്‍ ഇറങ്ങിയതാണ്.യുവതിയെ തടഞ്ഞുവയ്‌ക്കുന്നതിന് യാതൊരു അടിസ്ഥാനവുമില്ലെന്ന് വിദേശകാര്യമന്ത്രാലയം പറഞ്ഞു. സംഭവത്തില്‍ ഇന്ത്യ ചൈനയെ പ്രതിഷേധം അറിയിച്ചിരുന്നു.
അരുണാചല്‍ പ്രദേശിലെ വെസ്റ്റ് കാമെങ് സ്വദേശിനി പ്രേമ തോങ്‌ഡോക്കിനാണ് ഷാങ്ഹായ് വിമാനത്താവളത്തില്‍ വച്ചു 18 മണിക്കൂര്‍ തടഞ്ഞു വച്ചത്. അരുണാചല്‍ പ്രദേശ് ചൈനയുടെ ഭാഗമാണമെന്നും അതിനാല്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് സാധുവല്ലെന്നുമാണ് ചൈനീസ് അധികൃതര്‍ പറഞ്ഞത്.സംഭവത്തെ തുടര്‍ന്ന് തടഞ്ഞുവയ്‌ക്കപ്പെട്ട യുവതി ഇന്ത്യന്‍ വിദേശ മന്ത്രാലയത്തിന് പരാതി നല്‍കിയിരുന്നു.
അരുണാചല്‍ പ്രദേശില്‍ ചൈന പല തവണ അവകാശം വാദം ഉന്നയിച്ചിരുന്നെങ്കിലും ആദ്യമായാണ് ഇത്തരത്തില്‍ ഒരു നടപടി.
















