മട്ടാഞ്ചേരി: വലിയ യുദ്ധക്കപ്പലുകള്‍ക്ക് കടന്നെത്താന്‍ കഴിയാത്തിടങ്ങളിലെത്തി പ്രത്യാക്രമണ പ്രതിരോധം നടത്താന്‍ കഴിയുന്നതാണ് ആന്റി മറൈന്‍ ശ്രേണിയില്‍പ്പെട്ട ഇത്തരം കപ്പലുകളുടേത്. തീരത്തോട് ചേര്‍ന്ന് മൂന്ന് മീറ്റര്‍ ആഴത്തില്‍ വരെ ഇതിന് പ്രവര്‍ത്തിക്കാന്‍ കഴിയും. 78 മീറ്റര്‍ നീളവും 1100 ടണ്‍ ഭാരവും 25 നോട്ടിക്കല്‍ മൈല്‍ വേഗതയും 1800 നോട്ടിക്കല്‍ മൈല്‍ പരിധിയും 14 ദിവസത്തോളം തുടര്‍ച്ചയായി പ്രവര്‍ത്തിക്കാനും കഴിയുമെന്നതാണ് മാഹിയുടെ കരുത്ത്.
പേരിലും നിര്‍മാണത്തിലും രൂപകല്പനയിലും ചിഹ്നത്തിലും മാഹി മലയാളക്കരയുടെതായി. മലബാറിലെ മാഹി എന്ന പേരും ആയോധനകലയായ കളരിപ്പയറ്റിലെ ഉറുമി ചിഹ്നവും കൊച്ചി കപ്പല്‍ശാലയിലെ രൂപകല്പനയും നിര്‍മാണവും മാഹിയുടെ മലയാളി സ്പര്‍ശമാണ്. 2027 നകം ഇത്തരം എട്ട് കപ്പലുകളാണ് നാവികസേനക്ക് ലഭിക്കുക.
ആയുധങ്ങള്‍, സെന്‍സറുകള്‍, ആശയവിനിമയ സംവിധാനങ്ങള്‍, തീരദേശ നിരീക്ഷണം, മൈന്‍ സ്ഥാപിക്കല്‍, പ്രതിരോധം, കരുത്തുറ്റ ചടുല നീക്കങ്ങള്‍, ആഴം കുറഞ്ഞ ഭാഗത്തും പ്രവര്‍ത്തനസജ്ജം തുടങ്ങി യുദ്ധരംഗത്തും പ്രതിരോധ – നിരീക്ഷണതലത്തിലും മാഹി കരുത്തനാകും. ഫയര്‍ പവര്‍, ടോര്‍പ്പിഡോകള്‍, മറൈന്‍ റോക്കറ്റ്, റോക്കറ്റ് ലോഞ്ചര്‍ തുടങ്ങിയ സവിശേഷതകളുമുള്ള കപ്പലാണിത്.














