ന്യൂദൽഹി: അരുണാചൽ പ്രദേശ് ബീജിംഗിന്റെ ഭാഗമാണെന്ന് ചൈനീസ് ഉദ്യോഗസ്ഥർ അവകാശപ്പെട്ടതിനെത്തുടർന്ന്, ഷാങ്ഹായ് വിമാനത്താവളത്തിൽ അരുണാചൽ പ്രദേശിൽ നിന്നുള്ള ഒരു വനിതയുടെ യാത്ര തടസ്സപ്പെടുത്തിയ സംഭവത്തിൽ ഭാരതം ചൈനക്കെതിരെ ശക്തമായി പ്രതിഷേധിച്ചു.
ചൈനീസ് നടപടിയെ തുടർന്ന് കുടുങ്ങിക്കിടക്കുന്ന യാത്രക്കാരിക്ക് ഷാങ്ഹായിലെ ഭാരത കോൺസുലേറ്റ് പൂർണ്ണ സഹായം നൽകുന്നുണ്ടെന്നു വിഷയം പ്രാദേശികമായി ഏറ്റെടുത്തതായി ഔദ്യോഗികവൃത്തങ്ങൾ പറഞ്ഞു.
അതിർത്തികളിൽ സാധാരണ നില പുനസ്ഥാപിക്കാൻ ഇരുപക്ഷവും പ്രവർത്തിക്കുന്നതിനാൽ ചൈനയുടെ ഇത്തരം നടപടികൾ ‘അനാവശ്യമായ തടസ്സങ്ങൾക്ക്’ കാരണമാകുമെന്ന് വൃത്തങ്ങൾ പറഞ്ഞു. ചൈനീസ് പക്ഷത്തെ വിമർശിച്ചുകൊണ്ട്, ഈ നടപടികൾ ‘സിവിൽ ഏവിയേഷനുമായി ബന്ധപ്പെട്ട ചിക്കാഗോ, മോൺട്രിയൽ കൺവെൻഷനുകളുടെ ലംഘനമാണ്’ എന്ന് വൃത്തങ്ങൾ പറഞ്ഞു.
‘അരുണാചൽ പ്രദേശ് തർക്കമില്ലാത്ത ഭാരത പ്രദേശമാണെന്നും അവിടത്തെ താമസക്കാർക്ക് ഭാരത പാസ്പോർട്ടുകൾ കൈവശം വയ്‌ക്കാനും യാത്ര ചെയ്യാനും പൂർണ്ണ അവകാശമുണ്ട്.’
അരുണാചൽ പ്രദേശ് സ്വദേശിയായ പ്രേമ വാങ്ജോം തോങ്ഡോക്കിനെയാണ് തടഞ്ഞുവെച്ചത്. നവംബർ 21 ന് ലണ്ടനിൽ നിന്ന് ജപ്പാനിലേക്ക് യാത്ര ചെയ്യുകയായിരുന്ന തോങ്ഡോക്ക്, ഷാങ്ഹായിൽ മൂന്ന് മണിക്കൂർ വിമാനത്താവളത്തിൽ ‘തടവി’ലായിപ്പോയതായി അവർ എക്‌സ് വഴി അറിയിച്ചു. ചൈനയുടെ ഭാഗമായ അരുണാചൽ പ്രദേശിൽ നിന്നുള്ളയാളാണെന്ന് അവകാശപ്പെട്ട് ചൈനീസ് ഉദ്യോഗസ്ഥർ തന്റെ ഭാരത പാസ്പോർട്ട് സ്വീകരിക്കാൻ വിസമ്മതിച്ചു. അരുണാചൽ അരുണാചൽ എന്നു പറഞ്ഞ് അവിടത്തെ ഉദ്യോഗസ്ഥർ പരിഹസരിച്ചു. ഭക്ഷണം കഴിക്കാനാകാതെ ഏറെ നേരം കഴിയേണ്ടിവന്നു. എന്തുകൊണ്ടാണ് തടഞ്ഞുവെച്ചതെന്ന് പറയാൻ പോലും വിമാനത്താവള അധികൃതർ തയാറായില്ല. ഇതേ പാസ്‌പോർട്ടുകൊണ്ട് 58 രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.
യുണൈറ്റഡ് കിംഗ്ഡത്തിൽ (യുകെ) താമസിക്കുന്ന തോങ്ഡോക്ക്, 18 മണിക്കൂർ നീണ്ടുനിന്ന തന്റെ കഠിനാധ്വാനത്തിലൂടെയാണ് വിമാനത്താവളശത്തിൽനിന്ന് മോചിതയായത്. ചൈനീസ് ഉദ്യോഗസ്ഥർ തന്നെ നിരന്തരം ‘തടസ്സപ്പെടുത്തുകയും അപമാനിക്കുകയും മാനസികമായി പീഡിപ്പിക്കുകയും’ ചെയ്തുവെന്ന് അവർ പറഞ്ഞു. ഷാങ്ഹായിലെയും ബീജിംഗിലെയും ഭാരത ഉദ്യോഗസ്ഥരുടെ ഇടപെടലിനു ശേഷമാണ് തടസം മാറിയത്. ചൈനീസ് ഉദ്യോഗസ്ഥർ തന്നെ തടഞ്ഞപ്പോൾ, തന്റെ കുടുംബാംഗങ്ങളെ ബന്ധപ്പെടാൻ പോലും അനുവദിച്ചില്ലെന്ന് അവർ പറഞ്ഞു.
‘ചൈനീസ് ഇമിഗ്രേഷനിലെ ഒരു ഉദ്യോഗസ്ഥൻ വന്ന് എന്നെ ക്യൂവിൽ നിന്ന് മാറ്റിനിർത്തി. എന്താണ് സംഭവിക്കുന്നതെന്ന് ഞാൻ അവളോട് ചോദിച്ചു, ‘അരുണാചൽ- ഭാരതത്തിലല്ല, ചൈനയിലാണ്, നിങ്ങളുടെ വിസ സ്വീകാര്യമല്ല,’ എന്നു പറഞ്ഞു, തോങ്ഡോക്ക് വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.













