തിരുവനന്തപുരം: കോട്ടയ്‌ക്കകത്ത് കെഎസിആര്‍ടിസി സിറ്റി ഗ്യാരേജിന് സമീപം സാമൂഹ്യവിദുദ്ധ ശല്യം രൂക്ഷം. ശബരിമല സീസണ്‍ ആരംഭിച്ചതിനാലും ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ മുറജപം ആരംഭിച്ചതിനാലും കോട്ടയ്‌ക്കത്തും പരിസര പ്രദേശങ്ങളിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ വരുന്ന ഭക്തരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് ട്രാന്‍സ്‌പോര്‍ട്ട് ഗ്യാരേജിന് സമീപത്തെ പാര്‍ക്കിംഗ് ഗ്രൗണ്ടിലാണ്. പാര്‍ക്കിംഗ് ഗ്രൗണ്ട് രാത്രിയായാല്‍ സാമൂഹ്യ വിരുദ്ധരുടെ താവളമാണ്.
മദ്യക്കുപ്പികള്‍, ലഹരി ഉല്‍പ്പന്നങ്ങളുടെ കവറുകള്‍, ഗര്‍ഭനിരോധന ഉറകള്‍ എന്നിവ ഗ്രൗണ്ടിന്റെ മൂലയില്‍ കൂട്ടിയിട്ടിരിക്കുന്നത് കാണാം. സമീപത്തെ ചിത്തിര തിരുനാള്‍ പാര്‍ക്കിലും സാമൂഹ്യ വിരുദ്ധര്‍ തമ്പടിക്കുന്നതായാണ് വിവരം. രാത്രിയാകുമ്പോള്‍ ഇവിടെയെത്തുന്ന സാമൂഹ്യ വിരുദ്ധര്‍ പുലര്‍ച്ചെ വരെ പാര്‍ക്കിംഗ് ഗ്രൗണ്ടിലും സമീപത്തുമുണ്ടാകും. മദ്യവും മയക്കുമരുന്നും തലയ്‌ക്കുപിടിക്കുമ്പോള്‍ പരസ്പരം അസഭ്യം വിളിക്കുന്നതും ഏറ്റുമുട്ടുന്നതും പതിവാണ്. സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലെ സിസിടിവി ക്യാമറകളും ലൈറ്റുകളും തകര്‍ക്കുകയും മോഷ്ടിക്കുകയും ചെയ്യുന്നതായും പരാതിയുണ്ട്. രാത്രിയില്‍ സ്ഥലത്ത് പോലീസ് പെട്രോളിംഗ് ഏര്‍പ്പെടുത്തണമെന്ന നാട്ടുകാരുടെ നിരന്തരമായ ആവശ്യവും അധികാരികള്‍ ചെവിക്കൊണ്ടിട്ടില്ല. പല പ്രാവശ്യം പോലീസില്‍ പരാതി നല്‍കിയിട്ടും യാതൊരു ഫലവുമുണ്ടായിട്ടില്ല എന്ന് പരിസരവാസികള്‍ പറയുന്നു.
തെരുവ് വിളക്കുകള്‍ എറിഞ്ഞ് തകര്‍ക്കുക, പരസ്പരം ഏറ്റുമുട്ടുക അസഭ്യവര്‍ഷം നടത്തുക തുടങ്ങിയവ പതിവാണ്. സംരക്ഷണ മതില്‍ ഇല്ലാത്തതിനാലും വെളിച്ചമില്ലാത്തതിനാലും രാത്രിയായാല്‍ പാര്‍ക്കിംഗ് ഗ്രാണ്ടിന് സമീപത്ത്കൂടി നടക്കാന്‍ പോലും ജനങ്ങള്‍ക്ക് ഭയമാണ്.
കോടിക്കണക്കിന് രൂപ മൂല്യമുള്ള സ്വര്‍ണ്ണ ശേഖരം സൂക്ഷിച്ചിരിക്കുന്ന ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ സംരക്ഷണ ചുമതല സംസ്ഥാന പോലീസിന്റെ കമാന്‍ഡോ വിങ്ങിനാണ്. കൂടാതെ തണ്ടര്‍ ബോള്‍ട്ട് സംഘവും പ്രത്യേക ബോംബ് സ്‌ക്വാഡും പ്രവര്‍ത്തിക്കുന്നുണ്ട്. ഇങ്ങനെ കര്‍ശനമായ സുരക്ഷാ സംവിധാനങ്ങളുള്ള പ്രദേശത്താണ് സാമൂഹ്യ വിരുദ്ധര്‍ തമ്പടിക്കുന്നത്.
















