കിളിമാനൂര്‍: കരാറുകാരനില്‍ നിന്ന് സിപിഎം കിളിമാനൂര്‍ ഏര്യാ കമ്മിറ്റി അംഗവും പഴയകുന്നുമ്മേല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ചേര്‍ന്ന് കൈക്കൂലി ആവശ്യപ്പെടുന്ന ഫോണ്‍ സംഭാഷണം പുറത്ത്. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സിപിഎമ്മിനെ വെട്ടലാക്കിയാണ് പുതിയ ആരോപണം.
പഴയകുന്നുമ്മേല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ലോക്കല്‍ കമ്മിറ്റി അംഗവുമായ സലിലും സിപിഎം കിളിമാനൂര്‍ ഏര്യാ കമ്മിറ്റി അംഗം ആര്‍. കെ. ബൈജുവും ചേര്‍ന്ന് രണ്ട് ലക്ഷം രൂപ കൈക്കൂലി ചോദിക്കുന്ന ഫോണ്‍ സംഭാഷണമാണ് പുറത്തായത്. കരാറുകാരനായ വര്‍ക്കല പനയറ സ്വദേശി ഷൈലേഷില്‍ നിന്നാണ് തുക ആവശ്യപ്പെട്ടത്. സംസ്ഥാന പാതയില്‍ കിളിമാനൂര്‍ മണലേത്ത് പച്ചക്ക് സമീപത്ത് നിന്നാണ് നിയമാനുസരണം അനുമതി വാങ്ങി ഷൈലേഷ് മണ്ണെടുക്കുന്നത്.
മണ്ണെടുക്കല്‍ ആരംഭിച്ചപ്പോള്‍ തന്നെ സിപിഎം നേതാക്കള്‍ പണം ആവശ്യപ്പെട്ട് ഷൈലേഷിനെ സമീപിച്ചിരുന്നു. തുടര്‍ന്ന് 10,000 രൂപയുമായി എത്തിയ ഷൈലേഷില്‍ നിന്നും പണം കൈപ്പറ്റാന്‍ ഇവര്‍ തയ്യാറായില്ല. തുടര്‍ന്ന് 25,000 രൂപ നല്‍കിയെങ്കിലും അതും സ്വീകരിച്ചില്ല. തുടര്‍ന്ന് പണവുമായി ഷൈലേഷ് കിളിമാനൂരിലെ പാര്‍ട്ടി ഓഫീസില്‍ എത്തിയപ്പോള്‍ അവിടെ വച്ച് സംസാരിക്കാന്‍ കൂട്ടാക്കാതെ പാര്‍ട്ടി ഓഫീസിന് സമീപത്തുള്ള ബേക്കറിയില്‍ ഇരുന്ന് സംസാരിക്കുകയും കൂടുതല്‍ പണം ആവശ്യപ്പെടുകയുമായിരുന്നുവെന്ന് ഷൈലേഷ് പറഞ്ഞു.
കിളിമാനൂരില്‍ സിപിഎമ്മില്‍ നിന്നും നിരവധിയാളുകള്‍ക്ക് ഇത്തരത്തില്‍ ഭീഷണിയുണ്ടായിട്ടുണ്ടെന്നാണ് പുറത്തു വരുന്ന വിവരം. ഭയം മൂലം പലരും പുറത്ത് പറയുന്നില്ലെന്ന് മാത്രം. ഏര്യാ കമ്മിറ്റി അംഗമായിരിക്കെ പാര്‍ട്ടി നടപടിക്ക് വിധേയമാക്കുകയും പിന്നീട് വീണ്ടും ഏര്യാ കമ്മിറ്റിയില്‍ എത്തപെട്ടയാളുമാണ് ആര്‍. കെ. ബൈജു. സര്‍ക്കാര്‍ ഭൂമിയിലെ ഈട്ടി തടി മുറിച്ചു കടത്തിയ സംഭവുമായി ബന്ധപ്പെട്ട് പാര്‍ട്ടി പരസ്യമായി താക്കീത് ചെയ്തയാളെ ലോക്കല്‍ സെക്രട്ടറിയായി അവരോധിച്ച സംഭവവും ഇവിടെ ഉണ്ടായിട്ടുണ്ട്. ഇത്തരക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് പാര്‍ട്ടി സ്വീകരിക്കുന്നതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
















