ഗ്രാമീണ റോഡുകളുടെ നവീകരണം, വളര്‍ച്ചാകേന്ദ്രങ്ങളിലേക്ക് മെച്ചപ്പെട്ട കണക്റ്റിവിറ്റി ലഭ്യമാക്കുക എന്നിവയായിരുന്നു പ്രധാനമന്ത്രി ഗ്രാമ സഡക് യോജന (പിഎംജിഎസ്വൈ) രണ്ടാം ഘട്ടത്തിന്റെ ലക്ഷ്യം. ലക്ഷ്യമിട്ട 50,000 കിലോമീറ്ററില്‍ 49,053 കിലോമീറ്റര്‍ റോഡ് നവീകരിച്ചു. 2019 ജൂലൈയില്‍ വിവിധ മേഖലകളിലൂടെ കടന്നുപോകുന്ന പാതകളുടേയും പ്രധാന ഗ്രാമീണ റോഡുകളുടേയും ഏകീകരണം ലക്ഷ്യമിട്ട് 1,25,000 കിലോമീറ്റര്‍ റോഡിന്റെ ഏകീകരണം സാധ്യമാക്കുന്നതിനായി പിഎംജിഎസ്വൈ മൂന്നിന് തുടക്കം കുറിച്ചു.
1,46,784 സ്‌കൂളുകള്‍, 1,38,637 കാര്‍ഷിക വിപണികള്‍, 82,806 ആരോഗ്യകേന്ദ്രങ്ങള്‍, 3,28,393 ഗതാഗത സൗകര്യങ്ങള്‍ എന്നിവയുള്‍പ്പെടെ ആകെ 6,96,620 കേന്ദ്രങ്ങളില്‍ പദ്ധതി പ്രകാരം ഇതുവരെ മെച്ചപ്പെട്ട കണക്റ്റിവിറ്റി നല്‍കി. 2024 സപ്തംബര്‍ 11ന്, പിഎംജിഎസ്വൈ നാലിന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കി. കണക്റ്റിവിറ്റിയില്ലാത്ത 25,000 ആവാസ മേഖലകളിലേക്ക് 62,500 കിലോമീറ്റര്‍ റോഡുകള്‍ നിര്‍മിക്കാനാണ് ലക്ഷ്യം. 2024-25 മുതല്‍ 2028-29 വരെ, 70,125 കോടി രൂപ ചെലവില്‍ പദ്ധതി നടപ്പാക്കും.
പ്രധാനമന്ത്രി ഗ്രാമ സഡക് യോജന ഒന്ന്, രണ്ട്, മൂന്ന് പദ്ധതികള്‍ പ്രകാരം കേരളത്തില്‍ ആകെ 5,312.33 കിലോമീറ്റര്‍ റോഡ് നിര്‍മാണത്തിനാണ് കേന്ദ്രം അംഗീകാരം നല്‍കിയത്. ഇതില്‍ 4,535.69 കിലോമീറ്റര്‍ ഇതിനകം പൂര്‍ത്തിയായി. 737.44 കിലോമീറ്റര്‍ നിര്‍വഹണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളുടെ അഭ്യര്‍ത്ഥനയുടെ അടിസ്ഥാനത്തില്‍, പിഎംജിഎസ്വൈ മൂന്ന് പ്രകാരമുള്ള പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള സമയപരിധി 2025 മാര്‍ച്ചില്‍ നിന്ന് 2026 മാര്‍ച്ച് വരെ നീട്ടിയിരിക്കുകയാണ്.
മുമ്പെങ്ങുമില്ലാത്ത മെട്രോക്കാലം
മെട്രോ റെയില്‍ എന്നത് പല നഗരവാസികളുടെയും സ്വപ്നം ആയിരുന്നു. 2014ലെ 248 കിലോമീറ്ററില്‍ നിന്ന്, 2025 മെയ് ആയപ്പോഴേയ്‌ക്കും 1,013 കിലോമീറ്റര്‍ മെട്രോ ലൈനുകള്‍ പ്രവര്‍ത്തനക്ഷമമായി. പതിനൊന്ന് വര്‍ഷത്തിനുള്ളില്‍ 763 കിലോമീറ്റര്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടു. 23 നഗരങ്ങളില്‍ ഇന്ന് മെട്രോ റെയില്‍ പ്രവത്തനസജ്ജമോ, നിര്‍മാണ ഘട്ടത്തിലോ ആണ്. മെട്രോ റെയില്‍ ശൃംഖലയുടെ കാര്യത്തില്‍ ഭാരതം ആഗോളതലത്തില്‍ മൂന്നാം സ്ഥാനത്താണ്. പതിനൊന്ന് വര്‍ഷത്തിനുള്ളില്‍ 992 കിലോമീറ്റര്‍ വിസ്തൃതിയുള്ള 34 മെട്രോ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കപ്പെട്ടു. 2013-14ല്‍ 28 ലക്ഷം പ്രതിദിന യാത്രക്കാരുണ്ടായിരുന്ന സ്ഥാനത്ത് നിലവില്‍ 1.12 കോടി കവിഞ്ഞു.
പുതിയ ലൈനുകള്‍ കമ്മിഷന്‍ ചെയ്യുന്നതിന്റെ വേഗത ഒമ്പത് മടങ്ങ് വര്‍ദ്ധിച്ചു. 2014ന് മുമ്പ് പ്രതിമാസം 0.68 കിലോമീറ്റര്‍ മാത്രം മെട്രോ ലൈനുകള്‍ പ്രവര്‍ത്തനസജ്ജമായിരുന്നെങ്കില്‍ ഇപ്പോള്‍ പ്രതിമാസം ആറ് കിലോമീറ്റര്‍ പ്രവര്‍ത്തനക്ഷമമാകുന്നു. മെട്രോ റെയിലിനുള്ള വാര്‍ഷിക ബജറ്റ് 2013-14ല്‍ 5,798 കോടിയില്‍ നിന്ന് 34,807 കോടിയായാണ് കുത്തനെ ഉയര്‍ത്തിയത്. മെട്രോ ശൃംഖലകള്‍ക്ക് പുറമേ, റീജിയണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം (ആര്‍ആര്‍ടിഎസ്) കൂടി അവതരിപ്പിച്ചു. ദല്‍ഹി-മീററ്റ് ആര്‍ആര്‍ടിഎസ് ഇടനാഴി ഇത്തരത്തിലുള്ള ചരിത്രപരമായ ചുവടുവെപ്പാണ്.
















