തിരുവനന്തപുരം: കാല്‍ നൂറ്റാണ്ട് കാലത്തെ പത്രപ്രവര്‍ത്തന പരിചയം. 45 വര്‍ഷത്തെ പൊതുപ്രവര്‍ത്തനം, വാര്‍ഡിലെ ഓരോ വീട്ടിലേയും ഒരാളെയെങ്കിലും പേരെടുത്ത് വിളിക്കുന്ന ഓര്‍മ്മ ശക്തി, ജനമനസില്‍ ഇടം പിടിച്ച പഞ്ചായത്ത് മെമ്പര്‍ ഇതൊക്കെ കൈമുതലാക്കിയ പോറ്റിയണ്ണന്‍ ജയിക്കും…… കണിശം. പറയുന്നത് പഴയ കുന്നുമ്മേല്‍ ഗ്രാമപഞ്ചായത്തിലെ മഹാദേവേശ്വരം വാര്‍ഡിലെ ജനങ്ങള്‍.
ചെറു പ്രായത്തില്‍ ആര്‍എസ്എസിലൂടെ പൊതുരംഗത്തെത്തി, കിളിമാനൂര്‍ മഹാദേവേശ്വരം മേലമഠം ഗോവിന്ദന്‍ പോറ്റിയെന്ന 61 കാരന്‍. കാല്‍ നൂറ്റാണ്ടായി പത്ര പ്രവര്‍ത്തന രംഗത്ത് പ്രാദേശിക ലേഖകനായി പ്രവര്‍ത്തിക്കുന്നു. നിലവില്‍ ജന്മഭൂമി കിളിമാനൂര്‍ ലേഖകനാണ്. 2015-20 കാലയളവില്‍ മഹാദേവേശ്വരം വാര്‍ഡിനെ പ്രതിനിധീകരിച്ച് ജനപ്രതിനിധിയായിരുന്നു. മകള്‍ ഗായത്രി 2010-15ല്‍ ഈ വാര്‍ഡിലെ ജനപ്രതിനിധിയായി. മകളും ഗോവിന്ദന്‍ പോറ്റിയും ചേര്‍ന്ന് നിരവധി ജനക്ഷേമ പ്രവര്‍ത്തനങ്ങളാണ് വാര്‍ഡില്‍ കാഴ്ചവെച്ചത്. അതിന്റെ അംഗീകാരം ജനമനസുകളില്‍ ഇപ്പോഴും മങ്ങാതെ കിടപ്പുണ്ട്. മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്റെ സഹായിയായി പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ വാര്‍ഡിലെ നിരവധി പ്രശ്‌നങ്ങള്‍ തന്റെ റിപ്പോര്‍ട്ടുകളിലൂടെ ഭരണാധികാരികളുടെ ശ്രദ്ധയില്‍കൊണ്ടുവരാനും കഴിഞ്ഞതിന്റെ കരുത്തുമായാണ് ജനവിധി തേടുന്നത്.
പ്രസിദ്ധമായ കിളിമാനൂര്‍ ശ്രീ മഹാദേവേശ്വരം ക്ഷേത്രത്തിന്റെ ഭരണ സമിതി പ്രസിഡന്റ് കൂടിയായ ഇദ്ദേഹം എന്‍ഡിഎ പിന്തുണയോടെ സ്വതന്ത്രനായാണ് മത്സരിക്കുന്നത്. എല്ലാ വിഭാഗം ജനങ്ങളുടെയും സ്‌നേഹവും ആദരവും പിടിച്ചുപറ്റാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
പഞ്ചായത്തിലെ പ്രധാന വാര്‍ഡാണ് മഹാദേവേശ്വരം. പഞ്ചായത്ത് ഓഫീസ്, പോലീസ് സ്റ്റേഷന്‍, മിനി സിവില്‍ സ്റ്റേഷന്‍ എന്നിവ ഈ വാര്‍ഡിലാണ് പ്രവര്‍ത്തിക്കുന്നത്. വാര്‍ഡില്‍ ഇനിയും നിരവധി ക്ഷേമപദ്ധതികള്‍ നടപ്പാക്കാനുണ്ടെന്ന് ഗോവിന്ദന്‍ പോറ്റി പറയുന്നു. ക്ഷേത്രവുമായി ബന്ധപ്പെട്ട തേവരു കടവ് വിപുലമായ നിലയില്‍ നവീകരിക്കുക, നദിയുടെ ഇരുകരകളെയും ബന്ധിപ്പിച്ച് പാലം നിര്‍മിക്കുക, പഞ്ചായത്ത് ഓഫീസിനോട് ചേര്‍ന്ന് മഹാദേവേശ്വരത്ത് ജനസേവന കേന്ദ്രം തുറന്ന് സൗജന്യ സേവനം ഉറപ്പാക്കുക, ഊമണ്‍-പള്ളിക്കര-ഇരപ്പില്‍ റോഡ് ഗതാഗത യോഗ്യമാക്കുക, കുന്നില്‍ ശാസ്താ ക്ഷേത്രത്തിന് സമീപത്ത് മുകളിലേക്കുള്ള റോഡ് നവീകരിക്കുക തുടങ്ങി നാടിന്റെ വിവിധ വികസന പദ്ധതികള്‍ നടപ്പിലാക്കുമെന്ന ഉറപ്പുമായാണ് ഇത്തവണ പോറ്റിയണ്ണന്‍ ജനവിധി തേടുന്നത്. ഭാര്യ സരസ്വതി അന്തര്‍ജനവും, മകള്‍ ഗംഗാ ദേവിയും പിന്തുണയോടെ രംഗത്തുണ്ട്.
















