ആലപ്പുഴ: കൈനകരിയിൽ ഗർഭിണിയായ യുവതിയെ കൊലപ്പെടുത്തി ആറ്റിൽ തള്ളിയ കേസിൽ ഒന്നാം പ്രതി നിലമ്പൂർ മുതുത്തോട് പൂക്കോടൻ വീട്ടിൽ പ്രബീഷിന് വധശിക്ഷ. ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. പുന്നപ്ര തെക്കേമഠം വീട്ടിൽ അനിതാ ശശിധരനെയാണ് കാമുകനും വനിതാ സുഹൃത്തും ചേർന്ന് കൊലപ്പെടുത്തിയത്. 2021 ജൂലായ് ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പള്ളാത്തുരുത്തിക്ക് സമീപം പൂക്കൈത ആറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ക്രൂര കൊലപാതകമാണെന്ന് തിരിച്ചറിഞ്ഞത്. ഒന്നാം പ്രതി പ്രബീഷും രണ്ടാം പ്രതിയായ കൈനകരി തോട്ടുവാത്തല പടിഞ്ഞാറ് പതിശേരി വീട്ടിൽ രജനിയും കുറ്റക്കാരാണെന്ന് കോടതി ഉത്തരവിട്ടിരുന്നു. വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ അനിതയെ പ്രബീഷും രജനിയും ചേർന്ന് കൊലപ്പെടുത്തുകയായിരുന്നു. അനിതയുമായും രജനിയുമായും ഒരേ സമയം അടുപ്പത്തിലായിരുന്നു പ്രബീഷ്. അനിത ഗര്‍ഭിണിയായതിനെ തുടര്‍ന്ന് ഇവരെ ഒഴിവാക്കാന്‍ ശ്രമിച്ചതാണ് കൊലപാതകത്തില്‍ കലാശിച്ചത്.
പാലക്കാട് ആലത്തൂരില്‍ ഫാമില്‍ ജോലി ചെയ്തിരുന്ന അനിതയെ ആലപ്പുഴയിലേ രജനിയുടെ വീട്ടിലെത്തിച്ചു. തുടര്‍ന്ന് പ്രബീഷ് കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തുമ്പോള്‍ നിലവിളി പുറത്തേക്ക് കേള്‍ക്കാതിരിക്കാന്‍ രജനി അനിതയുടെ വായും മൂക്കും അമര്‍ത്തിപ്പിടിച്ചു. പിന്നാലെ ബോധരഹിതയായ അനിതയെ മരിച്ചു എന്ന് കരുതി ഇരുവരും ചേര്‍ന്ന് പൂക്കൈത ആറ്റില്‍ ഉപേക്ഷിക്കുകയായിരുന്നു.
112 സാക്ഷികൾ ഉണ്ടായിരുന്ന കേസിൽ 82 പേരെ വിസ്തരിച്ചു. 131 രേഖകളും ഫൈബർ വള്ളം അടക്കം 53 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു. രജനിയുടെ അമ്മ മീനാക്ഷിയടക്കം പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി. ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതി മൂന്ന് ജഡ്ജി എം. ഷുഹൈബ് മുൻപാകെയാണു വിചാരണ പൂർത്തിയാക്കിയത്.
ഒന്നാം പ്രതിയായ പ്രബീഷ് തവനൂർ സെൻട്രൽ ജയിലിലാണ്. ജാമ്യത്തിൽ ആയിരുന്ന രണ്ടാം പ്രതി രജനിയെ എൻഡിപിഎസ് കേസിൽ ഒഡിഷ പോലീസ് അറസ്റ്റുചെയ്‌ത് റായ്ഘട്ട് ജയിലിൽ റിമാൻഡിൽ ആണ്.
















