കാസര്‍കോട് ജില്ലയിലെ മധൂര്‍ പഞ്ചായത്തില്‍ ശുചിത്വ മിഷന്റ ഹരിതചട്ട ബോധവത്കരണ പരിപാടി മതത്തിന്റെ പേരുപറഞ്ഞ് എസ്ഡിപിഐക്കാര്‍ തടഞ്ഞ സംഭവം ഏവരുടെയും കണ്ണുതുറപ്പിക്കേണ്ടതാണ്. വെള്ളിയാഴ്ചയായതിനാല്‍ നിസ്‌കാര സമയത്ത് ഒരു ബോധവല്‍ക്കരണവും അനുവദിക്കില്ലെന്ന് പറഞ്ഞാണ് ഒരു കൂട്ടം ആളുകള്‍ സംഘടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതും അക്രമങ്ങള്‍ അഴിച്ചുവിട്ടതും. ബോധവല്‍ക്കരണത്തിന്റെ ഭാഗമായി കുടുംബശ്രീ പ്രവര്‍ത്തകരുടെ ഫ്‌ലാഷ് മോബ് ഇവര്‍ തടസ്സപ്പെടുത്തി. സ്ത്രീകളോട് അസഭ്യം പറയുകയും അശ്ലീല ആംഗ്യങ്ങള്‍ കാണിക്കുകയും ചെയ്തു. അവരെ കയ്യേറ്റം ചെയ്യാനുള്ള ശ്രമവുണ്ടായി. ജില്ലാ ശുചിത്വ മിഷനും കുടുംബശ്രീ ജില്ലാ മിഷനും ജില്ലാ ഭരണകൂടവുമായി സഹകരിച്ച് നടത്തിയ ശുചിത്വ സന്ദേശ യാത്ര പഞ്ചായത്ത് ഓഫീസിനു മുന്നിലെത്തിയപ്പോള്‍ ഒരു വിഭാഗമാളുകള്‍ സംഘടിച്ചെത്തി അക്രമം അഴിച്ചുവിടുകയായിരുന്നു.
കണ്ടാലറിയാവുന്ന അന്‍പത് പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതികള്‍ സമൂഹത്തില്‍ ലഹളയുണ്ടാക്കാന്‍ ബോധപൂര്‍വം ശ്രമിച്ചെന്ന് എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു. സംഭവത്തില്‍ എസ്ഡിപിഐക്കാര്‍ ഉള്‍പ്പെടെ നാലുപേരെ കസ്റ്റഡിയില്‍ എടുത്തു. ജുമുഅ നിസ്‌കാര സമയത്ത് പരിപാടി നടത്താന്‍ അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഒരു സംഘം അതിക്രമം നടത്തിയത്.
തദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഹരിത ചട്ടങ്ങള്‍ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഹരിത സന്ദേശ യാത്ര ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖറാണ് കലക്ടറേറ്റ് പരിസരത്ത് ഫ്‌ലാഗ് ഓഫ് ചെയ്തത്. ഇതിന്റെ ഭാഗമായിരുന്നു വിവിധ കേന്ദ്രങ്ങളിലെ കുടുംബശ്രീയുടെ ഫ്‌ലാഷ് മോബ് അവതരണം. ഇത് ഏതെങ്കിലും മതത്തിനോ മതവിശ്വാസികള്‍ക്കോ എതിരല്ല. ആരുടെയും മതാനുഷ്ഠാനം തടസ്സപ്പെടുത്തുന്നതും ആയിരുന്നില്ല. പൊതു നന്മ മുന്‍നിര്‍ത്തിയാണ് ഈ പരിപാടി സംഘടിപ്പിച്ചത്. എന്നിട്ടും മതത്തിന്റെ പേര് പറഞ്ഞ് അക്രമം അഴിച്ചുവിട്ടതും പരിപാടി തടസ്സപ്പെടുത്തിയതും വളരെ ഗുരുതരമായ സ്ഥിതിവിശേഷത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
കലാപത്തിന് ശ്രമിച്ചു എന്ന പേരില്‍ 50 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. സംഘര്‍ഷത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച്, അക്രമങ്ങള്‍ നടത്തിയത് ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. നിരവധിപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിട്ടുമുണ്ട്.
ഇതിനുമുമ്പ് പല അക്രമ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിട്ടുള്ളവരാണ് സംഘര്‍ഷം ഉണ്ടാക്കിയതെന്ന് പോലീസ് പറയുന്നു. വാഹനങ്ങള്‍ കത്തിച്ചത് ഉള്‍പ്പെടെ വ്യാപകമായ അക്രമ സംഭവങ്ങളാണ് അരങ്ങേറിയത്. സംഭവത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചാണ് പോലീസ് കേസെടുത്തത്.
തങ്ങളുടെ മതപരമായ ചടങ്ങ് നടക്കുമ്പോള്‍ മറ്റൊരു പരിപാടിയും അനുവദിക്കില്ലെന്ന നിലപാട് ആര്‍ക്കും അംഗീകരിക്കാനാവില്ല. ബഹുസ്വര സമൂഹത്തില്‍ ഇങ്ങനെ ചിന്തിക്കുന്നവര്‍ വലിയ കുഴപ്പങ്ങള്‍ സൃഷ്ടിക്കും. ഇപ്പോള്‍ തടഞ്ഞത് സര്‍ക്കാരിന്റെ പരിപാടിയാണെങ്കില്‍ നാളെ ഇതര മതസ്ഥരുടെ വിശ്വാസത്തിനും അനുഷ്ഠാനങ്ങള്‍ക്കും ഇതേ ആളുകള്‍ വിലക്ക് ഏര്‍പ്പെടുത്തുകയും അക്രമം നടത്തുകയും ചെയ്യുമെന്ന് ഉറപ്പാണ്. ഇത്തരം സംഭവങ്ങള്‍ ഇതിനുമുന്‍പും പലയിടങ്ങളിലും ഉണ്ടായിട്ടുണ്ട്.
മതത്തിന്റെ പേരില്‍ നിരന്തരം അക്രമങ്ങളും കൊലപാതകങ്ങളും നടത്തിയ പോപ്പുലര്‍ ഫ്രണ്ട് എന്ന ഭീകര സംഘടനയെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരിക്കുകയാണ്. ഈ സംഘടനയുടെ പല നേതാക്കളും ജാമ്യം പോലും ലഭിക്കാതെ ജയിലില്‍ കിടക്കുകയാണ്. എന്നാല്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്‌ട്രീയ മുഖമായ എസ്ഡിപിഐ സ്വതന്ത്രമായി വിഹരിക്കുന്നു. രാഷ്‌ട്രീയ പാര്‍ട്ടിയുടെ ലേബലുണ്ടെങ്കിലും പോപ്പുലര്‍ ഫ്രണ്ടിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുകയും, അക്രമങ്ങള്‍ സംഘടിപ്പിക്കുകയുമാണ് എസ്ഡിപിഐ ചെയ്യുന്നത്. കൊച്ചിയിലെ സെന്റ് റീത്താസ് പബ്ലിക് സ്‌കൂളില്‍ ഹിജാബിന്റെ പേരില്‍ പ്രശ്‌നങ്ങളുണ്ടാക്കിയതും ഇവര്‍ തന്നെയാണ്.
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതിനെതിരെ നടത്തിയ ഹര്‍ത്താലില്‍ കേരളത്തില്‍ അങ്ങോളമങ്ങോളം അക്രമങ്ങള്‍ നടന്നിരുന്നു. ഇതിന് പോലീസിന്റെയും സര്‍ക്കാരിന്റെയും പിന്തുണയും ലഭിച്ചു. കേരളം ഭരിക്കുന്ന സിപിഎമ്മിന്റെയും പ്രതിപക്ഷത്തെ കോണ്‍ഗ്രസിന്റെയും മുസ്ലിം ലീഗിന്റെയുമൊക്കെ പിന്തുണയാണ് മതത്തിന്റെ പേരില്‍ അക്രമങ്ങള്‍ നടത്താന്‍ എസ്ഡിപിഐയെ സഹായിക്കുന്നത്. ജനങ്ങള്‍ ഈ മതഭ്രാന്തന്മാരെ തിരിച്ചറിയുകയും ഒറ്റപ്പെടുത്തുകയും ചെയ്യണം.
















