ന്യൂദല്‍ഹി: ദല്‍ഹിയില്‍ 262 കോടി രൂപ വിലമതിക്കുന്ന 328 കിലോഗ്രാം മെത്താംഫെറ്റാമൈന്‍ പിടിച്ചു. നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ(എന്‍സിബി)യും ദല്‍ഹി പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇത്രയും മയക്കുമരുന്ന് പിടിച്ചെടുത്തത്. രണ്ട് പേര്‍ അറസ്റ്റിലായി.
മയക്കുമരുന്ന് വേട്ടയില്‍ എന്‍സിബിയെയും ദല്‍ഹി പോലീസിനെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എക്‌സിലൂടെ അഭിനന്ദിച്ചു. നമ്മുടെ സര്‍ക്കാര്‍ അതിവേഗം മയക്കുമരുന്ന് സംഘങ്ങളെ ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്. ദല്‍ഹിയിലെ 262 കോടി രൂപ വിലമതിക്കുന്ന 328 കിലോഗ്രാം മെത്താംഫെറ്റാമൈന്‍ പിടികൂടിയത് വന്‍ വഴിത്തിരിവാണ്. മയക്കുമരുന്ന് രഹിത ഭാരതമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്‌നം പൂര്‍ത്തീകരിക്കാനുള്ള വിവിധ ഏജന്‍സികളുടെ ഏകോപനത്തിന്റെ മികച്ച ഉദാഹരണമാണ് ഈ ഓപ്പറേഷന്‍. ഇതില്‍ ഭാഗമായ എന്‍സിബിയുടേയും ദല്‍ഹി പോലീസിന്റേയും സംയുക്ത സംഘത്തിന് അഭിനന്ദനങ്ങള്‍, അമിത് ഷാ എക്‌സില്‍ കുറിച്ചു.
ഒരാഴ്ചയ്‌ക്കിടെ നാല് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് 100 കോടിയുടെ മയക്കുമരുന്നാണ് പിടിച്ചത്. 12 പേരെ അറസ്റ്റ് ചെയ്തു. ആസാം റൈഫിള്‍സ്, ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്), ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഇ), മിസോറാം, ത്രിപുര, മണിപ്പൂര്‍ എന്നിവിടങ്ങളിലെ എക്‌സൈസ്, മയക്കുമരുന്ന് വകുപ്പുകള്‍, മിസോറാം പോലീസ് എന്നിവരുടെ നേതൃത്വത്തിലാണ് ഈ ഓപ്പറേഷനുകള്‍ പൂര്‍ത്തിയാക്കിയത്.
















