കണ്ണൂര്‍: പീഡിപ്പിക്കപ്പെട്ടത് മുസ്ലിം ആയതുകൊണ്ടും പീഡിപ്പിച്ചത് ഹിന്ദു ആയതുകൊണ്ടും ആണ് പാലത്തായി കേസ് എസ്ഡിപിഐ വിവാദമാക്കിയത് എന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.ഹരീന്ദ്രന്‍. ഉസ്താദുമാര്‍ പീഡിപ്പിക്കുമ്പോള്‍ ഈ വിവാദങ്ങള്‍ കാണുന്നില്ലെന്നും പി ഹരീന്ദ്രന്‍ പറഞ്ഞു.
കഴിഞ്ഞ രാത്രി പാനൂരില്‍ വച്ചായിരുന്നു പി.ഹരീന്ദ്രന്‍ ഇങ്ങനെ പറഞ്ഞത്.കേസില്‍ സിപിഎം മാത്രമാണ് പെണ്‍കുട്ടിക്ക് ഒപ്പം നിന്നത് എന്നും എസ്ഡിപിഐ വിവാദമുണ്ടാക്കാന്‍ ആണ് ശ്രമിച്ചതെന്നും പറയുന്നതിനിടയില്‍ ആയിരുന്നു ഈ വാക്കുകള്‍. ലീഗിനും എസ് ഡി പി ഐയുടെ നിലപാടാണെന്നും ഹരീന്ദ്രന്‍ പറഞ്ഞു.എന്നാല്‍ ഹരീന്ദ്രന്റെ പരാമര്‍ശം ദുര്‍വ്യാഖ്യനിക്കപ്പെട്ടത് ആണെന്നും അദ്ദേഹം അതിന് വിശദീകരണം നല്‍കുമെന്നും സിപിഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് പറഞ്ഞു.
പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടികളോടുള്ള സഹതാപമായിരുന്നുവെങ്കില്‍ കേരളത്തില്‍ ഉസ്താദുമാര്‍ പീഡിപ്പിച്ച എത്ര പെണ്‍കുട്ടികളുടെ, ആണ്‍കുട്ടികളുടെ വാര്‍ത്ത നമ്മള്‍ കണ്ടിട്ടുണ്ടെന്ന് പി ഹരീന്ദ്രന്‍ ചോദിച്ചു. ആ കേസിന് എന്തു സംഭവിച്ചു എന്ന് ചിന്തിച്ചിട്ടുണ്ടോ? നിങ്ങളുടെ പ്രശ്നം പീഡിപ്പിക്കപ്പെട്ടു എന്നുള്ളതല്ല. പീഡിപ്പിച്ചത് ഹിന്ദുവാണ് പീഡിപ്പിക്കപ്പെട്ടത് മുസ്ലീം പെണ്‍കുട്ടിയാണ്, ആ ഒരൊറ്റ കാര്യം മാത്രമാണ് എസ്ഡിപിഐയുടെ ചിന്ത. അത് വര്‍ഗീയതയാണെന്ന് പി ഹരീന്ദ്രന്‍ പറഞ്ഞു.
അതേസമയം,പി ഹരീന്ദ്രന്റെ വാക്കുകള്‍ വര്‍ഗീയത ഉണ്ടാക്കാന്‍ ലക്ഷ്യമിട്ടുള്ളതെന്നാണ് മുസ്ലിം ലീഗിന്റെ ആരോപണം.
















