പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും സി പി എം നേതാവുമായ എ പത്മകുമാറിന്റെ പത്തനംതിട്ടയിലെ സാമ്പത്തിക ഇടപാടുകളില്‍ വിശദ അന്വേഷണം നടത്തുകയാണ് പ്രത്യേക അന്വേഷണ സംഘം.പത്മകുമാറിന്റെ ഉടമസ്ഥതയിലുള്ള വ്യാപാര സ്ഥാപനങ്ങളെക്കുറിച്ചും അന്വേഷണമുണ്ട്. സ്ഥാപനങ്ങളില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പങ്കുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.എ പത്മകുമാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആയിരുന്ന കാലത്തെ സന്നിധാനത്തെ മുഴുവന്‍ വിവരങ്ങളും എസ്ഐടി പരിശോധിക്കും.
പത്മകുമാറിന്റെ ആറന്മുളയിലെ വീട്ടില്‍ എസ്ഐടി സംഘം കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. പന്ത്രണ്ട് മണിക്കൂറിലധികം നീണ്ട പരിശോധനയില്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുമായി ബന്ധപ്പെട്ട ചില നിര്‍ണായക രേഖകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുളള സാമ്പത്തിക ഇടപാടുകളുടെ രേഖകളും ലഭിച്ചതായാണ് വിവരം.
പത്മകുമാറും ഉണ്ണികൃഷ്ണന്‍ പോറ്റിയും ചേര്‍ന്ന് പത്തനംതിട്ടയില്‍ ഭൂമിയും വ്യാപാര സ്ഥാപനങ്ങളും വാങ്ങി.അസ്വാഭാവികമായ സാമ്പത്തിക നേട്ടം പത്മകുമാറിന് ലഭിച്ചെന്നും എസ്ഐടി കണക്കുകൂട്ടുന്നു.പ്രസിഡന്റായിരുന്ന കാലത്ത് എ.പത്മകുമാറിന്റെ വീട്ടില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി പതിവായി എത്തിയിരുന്നു. ചില അവസരങ്ങളില്‍ പത്മകുമാറിന്റെ വീട്ടില്‍ താമസിച്ചിട്ടുണ്ടന്നും എസ്ഐടിക്ക് വിവരം കിട്ടി.
അതിനിടെ,എ.പത്മകുമാര്‍ പ്രസിഡന്റായിരുന്ന കാലയളവില്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളായിട്ടുള്ള കെ.പി ശങ്കരദാസും എന്‍.വിജയകുമാറും എസ്ഐടി നിരീക്ഷണത്തിലാണ്. ഇരുവരെയും തിങ്കളാഴ്‌ച്ച വീണ്ടും ചോദ്യം ചെയ്തേക്കും.ഉണ്ണികൃഷ്ണന്‍ പോറ്റിയെ പത്മകുമാറിന് പരിചയപ്പെടുത്തിയവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
















