തട്ടുകടയുടെ മുന്നിൽ നിന്ന് ചായയും കുടിച്ച് കൊച്ചുവർത്തമാനം പറയുന്ന രജനിയും കമലും വിജയ്‍യും അജിത്തും . കടൽത്തീരത്ത് ആടിപ്പാടുന്ന വടിവേലുവും , പ്രഭുദേവയും . കണ്ടാൽ ഒറിജിനൽ എന്നു തോന്നുന്ന എ ഐ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
അജിത്, രജനികാന്ത്, കമൽഹാസൻ, വിക്രം വിജയ്, സൂര്യ, ധനുഷ്, ശിവകാർത്തികേയൻ, വിജയ് സേതുപതി തുടങ്ങി തമിഴകത്തെ സൂപ്പർസ്റ്റാറുകൾ മുഴുവനും ഒറ്റ ഫ്രെയ്‌മിൽ നിൽക്കുന്ന ചിത്രങ്ങളാണിവ . നാടൻ വേഷത്തിൽ, കള്ളിമുണ്ടും ഷർട്ടും ധരിച്ചാണ് അജിത്തും രജനികാന്തും ചിത്രത്തിലുള്ളത്. ഇന്നർ ബനിയനും മുണ്ടും ധരിച്ച വിക്രമിനെയും ചിത്രത്തിൽ കാണാം. തട്ടുകടയിൽ നിന്നും പൊറോട്ട കഴിച്ച് വർത്തമാനം പറയുന്ന സൂര്യയുമുണ്ട് ചിത്രങ്ങളിൽ. താരങ്ങളെല്ലാം തോളിൽ കയ്യിട്ട് ബീച്ചിലിരുന്ന് സംസാരിക്കുന്ന ചിത്രവുമുണ്ട് കൂട്ടത്തിൽ.
ഹൂഹൂക്രിയേഷൻസ്80’ എന്ന ഇൻസ്റ്റഗ്രാം പേജാണ് മനോഹരമായ ഈ എഐ ഫ്രെയിമുകൾ പുറത്തുവിട്ടത്. ‘തമിഴ് ഹീറോസ് ടീം ഔട്ടിങ്’ എന്ന അടിക്കുറിപ്പോടെയാണ് പേജ് ചിത്രങ്ങൾ പങ്കുവച്ചത് . ഫീൽഗുഡ് സിനിമ കണ്ട പ്രതീതിയുണ്ട് ചിത്രങ്ങൾക്ക് എന്ന് ആരാധകർ കുറിക്കുന്നു. ഈങ്ങനെയൊരു സിനിമ ഒരുങ്ങിയിരുന്നെങ്കിൽ എന്ന് ആശ പ്രകടിപ്പിച്ചവരുമുണ്ട്
















