കാസർകോട്: ശുചിത്വ മിഷന്റെ തെരഞ്ഞെടുപ്പ് ഹരിത ചട്ടം നടപ്പിലാക്കാനുള്ള ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി ഉളിയത്തടുക്ക ടൗണിൽ കുടുംബശ്രീ പ്രവർത്തകർ അവതരിപ്പിച്ച ഫ്ലാഷ് മോബ് തടഞ്ഞ സംഭവത്തിൽ രണ്ട് എസ്.ഡി.പി.ഐ പ്രവർത്തകർ ഉൾപ്പെടെ മൂന്ന് പേർ കസ്റ്റഡിയിൽ. എസ്.ഡി.പി.ഐ പ്രവർത്തകർ ഉൾപ്പെടെ കണ്ടാലറിയുന്ന 50 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.
ജുമാ നിസ്കാര സമയത്ത് പരിപാടി നടത്താൻ അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അതിക്രമം. പ്രതികൾ സമൂഹത്തിൽ വർഗീയ ലഹള ഉണ്ടാക്കാൻ ബോധപൂർവം ശ്രമിച്ചുവെന്നും അടിപിടി കേസുകളിൽ പ്രതികളായവരാണ് പ്രശ്നമുണ്ടാക്കിയതെന്നും എഫ് ഐ ആറിൽ പറയുന്നു. സംഭവത്തിന്ർറെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. എസ്ഡിപിഐ പ്രവർത്തകർ സ്ത്രീകൾക്ക് നേരെ ആക്രോശിക്കുന്നതും പാഞ്ഞടുക്കുന്നതും ഇതിൽ കാണാം.
2025 തദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഹരിത ചട്ടങ്ങൾ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഹരിത സന്ദേശ യാത്ര സംഘടിപ്പിച്ചത്. ഇതിന്റെ ഭാഗമായിരുന്നു വിവിധ കേന്ദ്രങ്ങളിലെ കുടുംബശ്രീയുടെ ഫ്ലാഷ് മോബ് അവതരണവും. രാഷ്‌ട്രീയ പാർട്ടികൾക്കും പൊതുജനങ്ങൾക്കുമിടയിൽ തെരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങളിൽ ഹരിതചട്ടം പാലിക്കണമെന്ന മുഖ്യ പരിഗണന ഉണ്ടാക്കുന്നതിനും, പ്രായപൂർത്തിയായ മുഴുവനാളുകളും തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ പ്രചാരണ പ്രവർത്തനത്തിലൂടെ ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നത്.
















