തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണകൊള്ളയില്‍ അറസ്റ്റിലായ എം. പത്മകുമാറിനെതിരായി കോടതിയില്‍ നല്‍കിയ കുറ്റപത്രത്തിലെ ഒരു വാചകം ബോര്‍ഡ് അംഗമായിരുന്ന കെ. പി. ശങ്കരദാസിനെ രക്ഷിക്കാൻ പൊലീസിന്റെ ‘ബുദ്ധി’യെന്ന വിമര്‍ശനത്തിന് വഴിവെച്ചിരിക്കുകയാണ്. പത്മകുമാര്‍ ബോര്‍ഡ് അംഗങ്ങളെ തെറ്റിധരിപ്പിച്ച് തീരുമാനം എടുത്തു എന്നതാണ് പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രത്തിലെ നിലപാട്. കട്ടിളപ്പാളി ഉള്ളി സ്വര്‍ണ്ണം കക്കാന്‍ അവസരമൊരുക്കിയ തീരുമാനം പത്മകുമാറിന്റേതു മാത്രം എന്നു സ്ഥാപിക്കാനാണ് ഈ കുറ്റപത്രം ശ്രമിക്കുന്നത്. അന്വേഷണ സംഘത്തിന്റെ വിശ്വാസ്യതയ്‌ക്കു കളങ്കമുണ്ടാക്കുന്ന നടപടിയാണിതെന്ന് വിമര്‍ശനം.
കേസില്‍ എട്ടാം പ്രതിയായ കെ. പി. ശങ്കരദാസിനെ സംരക്ഷിക്കാനായി മകനും തൃശൂര്‍ ഡിഐജിയുമായ ഹരിശങ്കര്‍ ഇടപെടുന്നുവെന്നാരോപണം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ പ്രത്യേക പരാമര്‍ശം ശ്രദ്ധേയമാകുന്നത്.
പത്മകുമാര്‍ പ്രസിഡന്റായിരുന്ന കാലത്ത് ദേവസ്വം ബോര്‍ഡിലെ എല്ലാ പ്രധാന തീരുമാനങ്ങളിലും ശങ്കരദാസിന് നിര്‍ണായക പങ്കുണ്ടായിരുന്നു. ശബരിമല യുവതി പ്രവേശനം നടപ്പാക്കാന്‍ കമ്മീഷണര്‍ എന്‍. വാസുവിനൊപ്പം പ്രവര്‍ത്തിച്ച വ്യക്തിയാണ് ശങ്കരദാസ്. അന്നത്തെ കോട്ടയം എസ്പിയായിരുന്ന ഹരിശങ്കറിന്റെ നേതൃത്വത്തിലാണ് തമിഴ്നാട്ടില്‍നിന്ന് ‘മനീതി സംഘം’ പോലീസിന്റെ അകമ്പടിയോടെ സന്നിധാനത്തെത്തിച്ചത്. ശബരിമല ചന്ദ്രാനന്ദന്‍ റോഡുവരെ മലകയറി എത്തിയ ബിന്ദു, അമ്മിണി, കനകദുര്‍ഗ എന്നിവരെ രാത്രിയുടെ മറവില്‍ സന്നിധാനത്ത് എത്തിക്കാനുള്ള കളമൊരുക്കിയത് ഹരിശങ്കര്‍ തന്നെയായിരുന്നു.
ബോര്‍ഡ് അംഗമായിരിക്കെ ഇരുമുടികെട്ടില്ലാതെ പതിനെട്ടാംപടി കയറി ആചാരലംഘനം നടത്തിയ ആളാണ് ശങ്കരദാസ്. ആര്‍.എസ്.പി. പ്രവര്‍ത്തകനായിരുന്ന ശങ്കരദാസ് സിപിഎം നോമിനിയായി ദേവസ്വം ബോര്‍ഡിൽ എത്തിയതാണ്. ‘പെയ്ഡഡ് സീറ്റ്’ എന്നാരോപണവും ഉയര്‍ന്നിരുന്നു. തിരുവനന്തപുരത്ത് കണ്ണായ പ്രദേശത്ത് പാര്‍ട്ടിയുടെ പേരില്‍ സ്വന്തമാക്കിയ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ഭൂമി ശങ്കരദാസ് സ്വന്തം പേരിലാക്കി എന്ന പരാതിയില്‍ കേസും ഉണ്ടായിട്ടുണ്ട്.
ബോര്‍ഡ് അംഗത്വം ഒഴിഞ്ഞ ഉടന്‍ ശങ്കരദാസിന് മാനസിക വിഭ്രാന്തി ഉണ്ടായതും വാര്‍ത്തയായിട്ടുണ്ട്. ആചാരലംഘനം നടത്തിയതിന് ‘അയ്യപ്പകോപം’ എന്ന വിലയിരുത്തലിലാണ് അന്ന് വാര്‍ത്തകളിൽ വന്നത്.
ചെയ്തു പോയ തെറ്റുകുറ്റങ്ങള്‍ക്ക് മാപ്പുചോദിച്ച് ദേവസ്വംബോര്‍ഡ് അയ്യപ്പ സന്നിധിയില്‍ പ്രായശ്ചിത്തകര്‍മ്മം ചെയ്തിരുന്നു.ദേവപ്രശ്‌ന പരിഹാരക്രിയയുടെ ഭാഗമായാണ് സന്നിധാനത്തില്‍ വിളിച്ചുചൊല്ലി പ്രായശ്ചിത്തം നടന്നത്.
പ്രസിഡന്റ് എ. പത്മകുമാര്‍, അംഗം കെ.പി. ശങ്കരദാസ്, ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫിസര്‍ ഡി. സുധീഷ് കുമാര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ മുരാരി ബാബു എന്നിവര്‍ ചേര്‍ന്ന് സോപാനത്തില്‍ വെള്ളിക്കുടം സമര്‍പ്പിച്ചു.
എല്ലാവരും ദ്രവ്യങ്ങള്‍ നിറച്ചു.ചുവന്ന പട്ടില്‍ പൊതിഞ്ഞ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ശിരസിലേറ്റി തൊഴുതു നിന്നു. തന്ത്രി കണ്ഠര് രാജീവര് മാപ്പപേക്ഷിച്ചുള്ള പ്രതിജ്ഞ വായിച്ചു. മറ്റുള്ളവര്‍ ഇത് ഏറ്റുചൊല്ലി ശ്രീകോവിലിനു 3 പ്രദക്ഷിണം വച്ച് സമര്‍പ്പിച്ചു.











