കൊച്ചി: അറബിക്കടലില്‍ പുതിയ ഇനം ആഴക്കടല്‍ നീരാളി കൂന്തളിനെ കണ്ടെത്തി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിലെ (സിഎംഎഫ്ആര്‍ഐ) ശാസ്ത്ര സംഘം. ആഗോളതലത്തില്‍ തന്നെ അപൂര്‍വമായ ടനിന്‍ജിയ എന്ന ജനുസില്‍ പെട്ടതാണ് ഈ ആഴക്കടല്‍ കൂന്തള്‍. ഇതുവരെ അറ്റ്ലാന്റിക് സമുദ്രത്തില്‍ കാണപ്പെടുന്ന ടനിന്‍ജിയ ഡാനേ മാത്രമാണ് ഈ വര്‍ഗത്തിലെ ഒരേയൊരു കൂന്തള്‍ ഇനം. രണ്ടാമത്തെ ഇനം കൂന്തളിനെയാണ് സംഘം കണ്ടെത്തിയത്.
കൊല്ലം പുറംകടലില്‍ ഏകദേശം 390 മീറ്റര്‍ ആഴത്തില്‍ നിന്നാണ് ഒക്ടോപോട്യൂത്തിഡേ കുടുംബത്തില്‍പ്പെട്ട കൂന്തളിനെ ലഭിച്ചത്. ഇവയ്‌ക്ക് കൂന്തളുകളെ പോലെ രണ്ട് നീളമുള്ള സ്പര്‍ശിനികള്‍(ടെന്റക്കിള്‍) ഇല്ല. നീരാളികളെ പോലെ എട്ട് കൈകള്‍ മാത്രമാണുള്ളത്. ഇക്കാരണത്താലാണ് നീരാളി കൂന്തള്‍ എന്ന് വിളിക്കുന്നത്.
സിഎംഎഫ്ആര്‍ഐ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. ഗീത ശശികുമാറും ടെക്‌നിക്കല്‍ ഓഫീസര്‍ ഡോ. കെ.കെ. സജികുമാറും ചേര്‍ന്ന ഗവേഷണ സംഘമാണ് ഈ നേട്ടത്തിന് പിന്നില്‍. പുതിയ കൂന്തളിന് ടനിന്‍ജിയ സൈലാസി എന്ന് നാമകരണം ചെയ്തു. സിഎംഎഫ്ആര്‍ഐ മുന്‍ ഡയറക്ടറും കേരള കാര്‍ഷിക സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറുമായിരുന്ന ഫിഷറീസ് ശാസ്ത്രജ്ഞന്‍ ഡോ. ഇ.ജി. സൈലാസിന് ആദരമായാണ് ഈ പേര് നല്‍കിയത്.
ആദ്യകാഴ്ചയില്‍ ഈ വര്‍ഗത്തിലെ ഏകയിനമായ ടനിന്‍ജിയ ഡാനേ ആണെന്നാണ് കൂന്തളിനെ കരുതിയതെന്ന് ഡോ. ഗീത ശശികുമാര്‍ പറഞ്ഞു. ഇവ ഏകജാതീയമാണെന്നായിരുന്നു (മോണോടൈപിക്) ഇതുവരെ കണ്ടെത്തിയിരുന്നത്.
പഠനത്തില്‍ ഇവ രണ്ടും തമ്മില്‍ ബാഹ്യരൂപത്തില്‍ വ്യത്യാസമുള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ വിശദമായ ജനിതക- വര്‍ഗീകരണ പഠനത്തിലാണ് അറബിക്കടലില്‍ നിന്ന് ലഭിച്ചത് പുതിയ ഇനം കൂന്തളാണെന്ന് തിരിച്ചറിഞ്ഞതെന്ന് ഡോ. ഗീത പറഞ്ഞു.
പുതിയ കൂന്തളിനെ കണ്ടെത്തിയതായുള്ള പഠനം രാജ്യാന്തര ജേര്‍ണലായ മറൈന്‍ ബയോഡൈവേഴ്‌സിറ്റിയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗവേഷണ വിദ്യാര്‍ത്ഥികളായ ഡോ. ഷിജിന്‍ അമേരി, ടോജി തോമസ് എന്നിവരും പഠന സംഘത്തിലുണ്ടായിരുന്നു.
















