ഭൂമിയിൽ ഇതുവരെ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ പക്ഷിമുട്ട ഏതെന്നറിയുമോ? ആ മുട്ടകൾക്ക് നമ്മുടെ ഇന്നത്തെ കോഴിമുട്ടകളുടെ 160 ഇരട്ടി വലുപ്പമുണ്ടായിരുന്നു. ആ മുട്ടയിട്ട പക്ഷി ഇന്ന് ഭൂമിയിലില്ല. അവയായിരുന്നു ആനപ്പക്ഷികൾ. ലോകത്തിൽ ഇതുവരെ ജീവിച്ചിരുന്നവയിൽ ഏറ്റവും വലിയ പക്ഷിയായിരുന്നു ആനപ്പക്ഷി.
ഒരു ആനപ്പക്ഷിക്ക് ഏകദേശം 500 കിലോ വരെയൊക്കെ ഭാരം ഉണ്ടാകും. ഏകദേശം പത്ത് അടി വരെ പൊക്കം ഈ ആനപ്പക്ഷികൾക്കും ഉണ്ടായിരുന്നു.ഒറ്റപ്പെട്ട ദ്വീപുകളിലും മേഖലകളിലുമുള്ള ജീവിവർഗങ്ങളിൽ ചിലതിന് സാധാരണയിലുമധികം വലുപ്പം പിന്നീട് വയ്‌ക്കാറുണ്ട്. ഇൻസുലർ ജൈജാന്റിസം എന്ന പ്രതിഭാസം മൂലമാണിത്. ഇൻസുലർ ജൈജാന്റിസമാകാം ഈ പക്ഷികൾക്കും ഇത്ര വലുപ്പം വയ്‌ക്കാൻ കാരണമായത്
ഇവയുടെ ജനുസ്സ് ഏപ്യോർണിസ് എന്നറിയപ്പെട്ടു. ഇതിൽതന്നെ ഏറ്റവും വലുതായിരുന്നു ഏപ്യോർണിസ് മാക്‌സിമസ് എന്ന ആനപ്പക്ഷി. ഏപ്യോർണിസ് മാക്സിമസ് ആനപ്പക്ഷിയുടെ മുട്ടകളുടെ ഭാഗങ്ങൾ മഡഗാസ്കറിൽ നിന്നും മറ്റും കിട്ടിയത് ഗവേഷകർ പുനസൃഷ്ടിച്ചിട്ടുണ്ട്.
ആയിരം വർഷങ്ങൾക്ക് മുൻപാണ് ഈ വമ്പൻ പക്ഷികൾ നാമാവശേഷമായതെന്ന് കരുതുന്നു. ലോകത്തിൽ ഇന്നു ജീവിച്ചിരിക്കുന്ന പക്ഷികളിൽ ഏറ്റവും വലിയ മുട്ടയിടുന്നത് ഒട്ടകപ്പക്ഷിയാണ്. കരജീവികളിലെ ഏറ്റവും വലിയ മുട്ടയും ഇതുതന്നെ.
















