തിരുവനന്തപുരം: സിപിഎം അറിഞ്ഞാണ് ശബരിമല ശ്രീകോവില്‍ കൊള്ളയടിച്ചതെന്ന് തെളിയിക്കുന്നതാണ് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ അറസ്റ്റെന്ന് മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍.
ഉദ്യോഗസ്ഥതല തട്ടിപ്പ് എന്നു പറഞ്ഞ് സിപിഎമ്മിന് ഇനിയും ഒഴിഞ്ഞുമാറാനാകില്ല. അറസ്റ്റിലായശേഷവും പത്മകുമാറിനെ സംരക്ഷിക്കാനാണ് എം.വി. ഗോവിന്ദന്‍ ശ്രമിക്കുന്നത്. അതിനര്‍ത്ഥം അന്വേഷണം മുന്നോട്ടു പോയാല്‍ കൂടുതല്‍ ഉന്നതര്‍ കുടുങ്ങുമെന്നാണ്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അറസ്റ്റിലായാല്‍ മുന്‍ ദേവസ്വം മന്ത്രിക്കും ഇതില്‍ പങ്കുണ്ട് എന്ന് ഉറപ്പാണെന്നും തിരുവനന്തപുരത്ത് മാധ്യമങ്ങളെ കണ്ട മുരളീധരന്‍ പറഞ്ഞു. പത്മകുമാറിനെയും വാസുവിനെയും പ്രശാന്തിനെയും സംരക്ഷിക്കാന്‍ ശ്രമിച്ച സിപിഎമ്മിന് എന്തുണ്ട് പറയാനെന്നും അദ്ദേഹം ചോദിച്ചു.
കൊള്ളക്കാര്‍ക്ക് എതിരെ എന്ത് നടപടിയാണ് പിണറായിയും കൂട്ടരും സ്വീകരിക്കുന്നത് എന്നറിയാനാണ് ജനം ആഗ്രഹിക്കുന്നത്. ദേവസ്വംബോര്‍ഡ് എന്ന പേരില്‍ കൊള്ളസംഘത്തെയാണോ സിപിഎം ശബരിമലയില്‍ നിയോഗിച്ചത് എന്ന് അദ്ദേഹം ചോദിച്ചു. അയ്യപ്പഭക്തര്‍ക്ക് വെള്ളം പോലും കൊടുക്കാതെ കഷ്ടപ്പെടുത്തുന്നവര്‍, അയ്യപ്പന്റെ മുതല്‍ കട്ടെടുത്തു സുഖിക്കുകയാണ്. സിപിഎമ്മല്ലാതെ മറ്റൊരു രാഷ്‌ട്രീയപാര്‍ട്ടിയും ഇത് ചെയ്യില്ല. ഭൂരിപക്ഷ സമുദായത്തിന്റെ വിശ്വാസത്തെയും ക്ഷേത്രങ്ങളെയും തകര്‍ക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും മുരളീധരന്‍ ആരോപിച്ചു.
















