തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ഇനി അകത്തു പോകാനുള്ളത് മന്ത്രിമാരാണെന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല . സിപിഎം നേതാവ് എ പത്മകുമാര്‍ ഉള്‍പ്പെടെ രണ്ട് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാര്‍ അറസ്റ്റിലായതിനോടു പ്രതികരിക്കുകയായിരുന്നു ചെന്നിത്തല.
ഇത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ്. യഥാര്‍ത്ഥ സൂത്രധാരന്മാര്‍ മന്ത്രിമാരും സി പി എമ്മിന്റെ ഉന്നത നേതാക്കളുമാണ്. അന്വേഷണം അവരിലേക്ക് വ്യാപിപ്പിക്കണം.മൂന്ന് ദേവസ്വം മന്ത്രിമാര്‍ക്ക് ഈ കൊള്ളയില്‍ നേരിട്ട് പങ്കുണ്ട്. ശരിയായ രീതിയില്‍ അന്വേഷണം മുന്നോട്ട് പോയാല്‍ അവര്‍ അഴിയെണ്ണേണ്ടി വരും. ഉണ്ണികൃഷ്ണന്‍ പോറ്റിയെപ്പോലുള്ളവരെ ഊട്ടി വളര്‍ത്തിയത് ഈ മന്ത്രിമാരാണ്. ശബരിമലയിലെ സ്വര്‍ണ്ണം അടിച്ചുമാറ്റിയ ഈ സംഭവം കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതികളിലൊന്നാണെന്ന് ചെന്നിത്തല പറഞ്ഞു.
















